ഇനി റേഡിയോളജിസ്റ്റുകള്‍ വേണ്ട പകരം നിർമിതബുദ്ധി (എഐ) ഉപയോഗിക്കാൻ തയ്യാറായതായി അമേരിക്കയിലെ ആശുപത്രി ശൃംഖലാ മേധാവി.
എൻവൈസി ഹെല്‍ത്ത് + ഹോസ്പിറ്റല്‍സിന്റെ പ്രസിഡന്റും സിഇഒയുമായ ഡോ. മിച്ചല്‍ എച്ച് കാറ്റ്‌സ് ആണ് ഒരു പാനല്‍ ചർച്ചയ്ക്കിടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റല്‍ ശൃംഖലയാണ് എൻവൈസി ഹെല്‍ത്ത് + ഹോസ്പിറ്റല്‍സ്.
എഐ ടൂളുകള്‍ ഉപയോഗിച്ച് സ്തനാർബുദ സ്‌ക്രീനിംഗ് ഓട്ടോമേറ്റ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ സംവിധാനം ഉപയോഗിക്കുകയും റേഡിയോളജിസ്റ്റുകളെ ഒഴിവാക്കുകയും ചെയ്താല്‍ ആശുപത്രികള്‍ക്ക് കൂടുതല്‍ ലാഭം നേടാൻ കഴിയും. മാമോഗ്രാമുകളും എക്‌സ്-റേകളും വ്യാഖ്യാനിക്കുന്നതില്‍ നിർമിതബുദ്ധിയുടെ ഉപയോഗം വർധിച്ചു വരികയാണ്. നിയമപരമായ വെല്ലുവിളി നേരിടാൻ തയ്യാറാണെങ്കില്‍ അടുത്ത നിമിഷം തന്നെ റേഡിയോളജിസ്റ്റുകള്‍ക്ക് പകരം എഐ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്തനാർബുദ സ്‌ക്രീനിങ്ങില്‍ എഐക്ക് വലിയ സാധ്യതയുണ്ടെന്ന് കാറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്കിലെ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അദ്ദേഹം മറ്റ് ആശുപത്രി സിഇഒമാരോട് ആരാഞ്ഞു. നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഓ ഡാരിയോ അമോദെയി എഐ റേഡിയോളജിസ്റ്റുകള്‍ക്ക് പകരമാകും എന്ന തരത്തില്‍ അടുത്തിടെ പരാമർശം നടത്തിയിരുന്നു. ആരോഗ്യ മേഖലയിലെ വലിയ പരിവർത്തനത്തിന് എഐ കാരണമാകുമെന്നും ഡോക്ടർമാർക്ക് ജോലിയുടെ മാനുഷിക വശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു.
ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങും മുൻപ് സമാനമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. റേഡിയോളജി എഐ ഡ്രിവണ്‍ റേഡിയോളജിയായി മാറിയിരിക്കുന്നുവെന്നും അത് നടപ്പാക്കുന്ന പല മികച്ച കമ്പനികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ റേഡിയോളജിസ്റ്റുകള്‍ക്ക് ആദ്യഘട്ടത്തില്‍തന്നെ ജോലി നഷ്ടപ്പെടുമെന്ന പ്രവചനം തെറ്റാണെന്നും എഐ കാരണം കൂടുതല്‍ റേഡിയോളജിസ്റ്റുകള്‍ക്ക് നിയമനം ലഭിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

