ഏറെ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പണ്‍എഐയുടെ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയിലും ആദ്യമായി പരസ്യങ്ങള്‍ പ്രദർശിപ്പിച്ചുതുടങ്ങി.
ചാറ്റ്ജിപിടി ഉപയോഗിക്കുന്നവർക്ക് ഇപ്പോള്‍ പരസ്യങ്ങള്‍ കാണാനാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഈ അടുത്ത് അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉപയോക്താക്കളിലേക്കും ചാറ്റ് ജിപിടി ആഡ്സ് എത്തിക്കുമെന്ന് ഓപ്പണ്‍ എഐ ഓഗസ്റ്റ് 27 വ്യാഴാഴ്ച പറഞ്ഞു. സൗജന്യ വരിക്കാർക്കും ചാറ്റ് ജിപിടി ഗോ സബ്സ്ക്രൈബർമാർക്കുമാണ് പരസ്യങ്ങള്‍ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളില്‍ പരസ്യങ്ങള്‍ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള സെൻസിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങള്‍ക്കൊപ്പവും പരസ്യങ്ങള്‍ കാണിക്കില്ല.
എഐ മറുപടികളില്‍ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കില്‍ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. പരസ്യങ്ങള്‍ക്കൊപ്പം സ്പോണ്‍സേർഡ് എന്നെഴുതിയ ടാഗും പ്രദർശിപ്പിക്കും. ഈ പരസ്യങ്ങള്‍ മറുപടികളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്. ഇതില്‍ 399 രൂപ പ്രതിമാസ നിരക്കുള്ള ചാറ്റ് ജിപിടി ഗോ വരിക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം കൂടിയാണ് ഇന്ത്യ. എഐ ടൂളുകളിലേക്ക് സൗജന്യവും താങ്ങാവുന്ന നിരക്കിലുള്ളതുമായ സേവനങ്ങള്‍ എത്തിക്കാൻ പരസ്യ വരുമാനം സഹായിക്കുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു.
2026 ഫെബ്രുവരിയില്‍ യുഎസിലാണ് ചാറ്റ് ജിപിടി പരസ്യ വിതരണം ആദ്യം പരീക്ഷിച്ചത്. മൈക്രോസോഫ്റ്റ് കോ പൈലറ്റും ഗൂഗിള്‍ എഐ ഓവർവ്യൂവിലും പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.
പരസ്യ ഏജൻസികളായ WPP, ഒംനികോം എന്നിവയുമായി സഹകരിച്ചാണ് ഓപ്പണ്‍ എഐ ഇന്ത്യയില്‍ പരസ്യ വിതരണം നടത്തുന്നത്. 50-ല്‍ ഏറെ ബ്രാൻഡുകളില്‍ നിന്നുള്ള പരസ്യങ്ങള്‍ ഇതിലുണ്ടാവും. ഭാവിയില്‍ മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

