വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘർഷത്തില്‍ സൈനിക നീക്കങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള നല്‍കി അമേരിക്ക. തുടർച്ചയായി 13 ദിവസം നീണ്ട ആക്രമണങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ സൈനിക നടപടികള്‍ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നല്‍കിയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
നയതന്ത്ര ചർച്ചകള്‍ക്ക് മുൻഗണന നല്‍കാനൊരുങ്ങുകയാണ് അമേരിക്കയെന്നാണ് റിപ്പോർട്ട്.
ഇറാനുമായി നിലവില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസില്‍ ട്രംപ് സ്ഥിരീകരിച്ചു. കരാറിലെത്താൻ ഇറാൻ മുമ്പത്തേതിനേക്കാള്‍ ഗൗരവമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും, ചർച്ചകളിലൂടെ പരിഹാരമുണ്ടാകുന്നതാണ് എല്ലാവർക്കും ഗുണകരമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്റെ പ്രതിനിധിസംഘം ടെഹ്റാനില്‍ ചർച്ചകള്‍ തുടരുകയാണ്. ഈ ചർച്ചകള്‍ അനുകൂലമായി മുന്നേറുകയാണെന്നും, ഈ ആഴ്ചയ്ക്കുള്ളില്‍ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാനെതിരായ ആക്രമണം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ അമേരിക്ക തടഞ്ഞതായും വിവരങ്ങളുണ്ട്. അതേസമയം, ഇറാനെതിരായ സൈനിക നടപടികളില്‍ പങ്കാളിയായെന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് കുവൈത്ത് ശക്തമായി നിഷേധിച്ചു.
സംഘർഷത്തിനിടെ അമേരിക്കയുടെ 11 യുദ്ധവിമാനങ്ങള്‍ തകർത്തുവെന്ന അവകാശവാദവും ഇറാൻ ആവർത്തിച്ചു. അമേരിക്കയ്ക്ക് പിന്തുണ തുടർന്നാല്‍ ബ്രിട്ടനെയും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കടലില്‍ പുതിയ സംഘർഷസാഹചര്യം രൂപപ്പെടുന്നതിനിടയിലും, ഇറാനെതിരായ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിർത്തിവച്ച് നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

