Dailyhunt
ഇറാനെതിരെ ആണവാക്രമണ ഭീഷണിയോ? വാൻസ് പരാമര്‍ശം വിവാദത്തില്‍, അഭ്യൂഹങ്ങള്‍ തള്ളി അമേരിക്കൻ ഭരണകൂടം

ഇറാനെതിരെ ആണവാക്രമണ ഭീഷണിയോ? വാൻസ് പരാമര്‍ശം വിവാദത്തില്‍, അഭ്യൂഹങ്ങള്‍ തള്ളി അമേരിക്കൻ ഭരണകൂടം

Media Mangalam 5 days ago

വാഷിംഗ്ടണ്‍: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുന്നതിനിടെ, അതിനെ ശക്തമായി തള്ളി വൈറ്റ് ഹൗസ് രംഗത്ത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, അവ അനാവശ്യ ഭീതിപരത്തുന്നതാണെന്നും ഭരണകൂടം വ്യക്തമാക്കി.

വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഹംഗറിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇറാൻ നിലപാട് മാറ്റിയില്ലെങ്കില്‍ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങള്‍ ഉപയോഗിക്കാൻ പ്രസിഡന്‍റ് തയ്യാറാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിന് പിന്നാലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ "ഇന്ന് രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാകാൻ പോകുന്നു" എന്ന രീതിയില്‍ പോസ്റ്റ് ചെയ്തതോടെ ആണവാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചർച്ചകള്‍ ശക്തമായി.

ഡെമോക്രാറ്റിക് അനുകൂലികള്‍ വാൻസിന്റെ പരാമർശം ആണവായുധ സൂചനയാണെന്ന് ആരോപിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു. വൈസ് പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ അത്തരത്തിലുള്ള സൂചനകളൊന്നുമില്ലെന്നും, വിവാദം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള കരാറിന് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളില്‍ ആശങ്ക ഉയരുകയാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ അനിശ്ചിതത്വം തുടരുകയാണ്. ഇറാന്റെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങള്‍ നടക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നു.

വാൻസിന്റെയും ട്രംപിന്റെയും പരാമർശങ്ങളില്‍ കൂടുതല്‍ വ്യക്തത തേടി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വൈറ്റ് ഹൗസിനെ സമീപിച്ചിരിക്കുകയാണ്.

അതെസമയം, ഇറാനിലെ വിവിധ ഭാഗങ്ങളില്‍ കനത്ത ആക്രമണം നടത്തി ഇസ്രയേല്‍. അതിശക്തമായ വ്യോമാക്രമണത്തില്‍ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങള്‍ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതകളെ ലക്ഷ്യമിട്ടാണ് ഇത്തവണ ആക്രമണ പരമ്പര ഉണ്ടായത്. കാഷാനിലെ റെയില്‍വേ പാലം, മഷാദിലെ പ്രധാന റെയില്‍വേ സ്റ്റേഷൻ, തബ്രിസ്-ടെഹ്‌റാൻ പാതയിലെ ഹൈവേ പാലം എന്നിവയുള്‍പ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. കൂടാതെ, സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയില്‍വേ പാലവും ഈ ആക്രമണങ്ങളില്‍ തകർക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേല്‍ സൈന്യം കർശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രെയിനുകളിലും റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപവും ഉള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയില്‍വേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈല്‍ വർഷം ഉണ്ടായത്.

മേഖലയിലെ സമാധാനത്തിന് നിർണായക മണിക്കൂറുകള്‍ മുന്നില്‍:

വരും മണിക്കൂറുകളില്‍ ഇറാൻ സ്വീകരിക്കുന്ന നിലപാട് പാശ്ചാത്യേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ ഗൗരവമായി ബാധിക്കാനിടയുണ്ട്. അനാവശ്യ അഭ്യൂഹങ്ങള്‍ക്കപ്പുറം യാഥാർത്ഥ്യ നിലപാടുകള്‍ എന്താണെന്ന് ലോകം കാത്തിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam