വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ അമേരിക്കൻ രാഷ്ട്രീയരംഗത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായി.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടികള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
1973ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' പ്രകാരം കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഒരു അമേരിക്കൻ പ്രസിഡന്റിന് 60 ദിവസത്തില്‍ കൂടുതല്‍ സൈനിക നടപടി തുടരാൻ കഴിയില്ല. ഈ കാലപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. വെടിനിർത്തല്‍ നിലവിലുണ്ടാകുന്നതിനാല്‍ യുദ്ധം ഔദ്യോഗികമായി തുടരുന്നില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം ലഭിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്.
എന്നാല്‍, ട്രംപിന്റെ വ്യാഖ്യാനം നിയമപരമായി തെറ്റാണെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ ആരോപിച്ചു. വെടിനിർത്തല്‍ എന്ന ആശയം നിയമത്തില്‍ എവിടെയും പരാമർശിക്കുന്നില്ലെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നടപടികള്‍ തുടരാനാകില്ലെന്നുമാണ് അവരുടെ വാദം.
ഇതിനിടെ, ഇറാൻ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതായി ട്രംപ് കത്തില്‍ ആവർത്തിച്ചു. ഇറാൻ എണ്ണക്കപ്പലുകള്‍ അമേരിക്കൻ കപ്പലുകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം തുടരുന്നതിനാല്‍ ശത്രുത പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ലെന്ന് സെനറ്റർ ജീൻ ഷഹീൻ അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാൻ മുഖേന ഇറാൻ മുന്നോട്ടുവച്ച പുതിയ ചർച്ചാ നിർദേശങ്ങളും ട്രംപ് തള്ളിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഭാവിയില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തില്ലെന്ന ഉറപ്പും ഉപരോധങ്ങളില്‍ ഇളവും ലഭിക്കാതെ ചർച്ചകളില്‍ പുരോഗതി ഉണ്ടാകില്ലെന്നാണ് ഇറാന്റെ നിലപാട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ നീക്കിയാല്‍ കൂടുതല്‍ നയതന്ത്ര ചർച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

