വാഷിങ്ടൻ: ഇസ്രായേലിലെ യു.എസ് സൈനിക കേന്ദ്രം നിർത്തലാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഗാസയിലെ വെടിനിർത്തല്‍ നിരീക്ഷിക്കുന്നതിലും സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വിമർശനമുയർന്നതിനു പിന്നാലെയാണ് നടപടി.
ഇസ്രയേലിനു സമീപം പ്രവർത്തിക്കുന്ന സിവില്‍-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) ആണ് പൂട്ടുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബറിലെ വെടിനിർത്തലിനു ശേഷം ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളും ഹമാസ് നിരായുധരാകാൻ വിസമ്മതിക്കുന്നതും ട്രംപിന്റെ ഗാസ പദ്ധതിയെ നേരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രം നിർത്തലാക്കുന്നതോടെ ഈ തിരിച്ചടി പൂർണമാവുകയാണ്. സിഎംസിസിയുടെ ചുമതലകള്‍ ഇനി 'ഇന്റർനാഷണല്‍ സ്റ്റെബിലൈസേഷൻ ഫോഴ്സ്' (ഐഎസ്‌എഫ്) എന്ന പുതിയ യുഎസ് സുരക്ഷാ ദൗത്യത്തിനു കൈമാറും. ഇന്റർനാഷണല്‍ ഗാസ സപ്പോർട്ട് സെന്റർ എന്ന് പുനർനാമകരണം ചെയ്തേക്കും.
നിലവില്‍ 190 യുഎസ് സൈനികരുള്ള കേന്ദ്രത്തില്‍ പുതിയ മാറ്റം വരുന്നതോടെ സൈനികരുടെ എണ്ണം 40 ആയി ചുരുങ്ങും. പകരം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സിവിലിയൻ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഗാസയില്‍ സുരക്ഷാ ചുമതലയേല്‍ക്കാൻ മറ്റ് രാജ്യങ്ങള്‍ ഇതുവരെ സൈന്യത്തെ വിട്ടുനല്‍കാൻ തയ്യാറാകാത്തത് ഐഎസ്‌എഫ് ദൗത്യത്തെയും ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കൻ സൈന്യം നേരിട്ട് ഗാസയിലേക്ക് ഇറങ്ങില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ വെടിനിർത്തല്‍ നടപ്പിലാക്കാനോ സഹായമെത്തിക്കാനോ നിലവിലെ കേന്ദ്രത്തിനു അധികാരമില്ലായിരുന്നുവെന്ന് നയതന്ത്രജ്ഞർ വിമർശിക്കുന്നു. പുതിയ സുരക്ഷാ ദൗത്യത്തിനു കീഴിലേക്ക് മാറ്റുന്നത് പ്രായോഗികമായി എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ല.

