Dailyhunt
'ഇത്രയും വര്‍ക്കൗട്ട് ചെയ്തിട്ട് വയര്‍ കുറയാത്തത് ഇതുകൊണ്ട്'; ചൈനീസ് റസ്റ്ററന്റില്‍ നിന്ന് ഇഷ്ട ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച്‌ റിമിടോമി; 'ഹോങ് ഷാവോ റൂ' വീട്ടില്‍ത്തന്നെ നിങ്ങള്‍ക്കും തയാറാക്കാം..

'ഇത്രയും വര്‍ക്കൗട്ട് ചെയ്തിട്ട് വയര്‍ കുറയാത്തത് ഇതുകൊണ്ട്'; ചൈനീസ് റസ്റ്ററന്റില്‍ നിന്ന് ഇഷ്ട ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച്‌ റിമിടോമി; 'ഹോങ് ഷാവോ റൂ' വീട്ടില്‍ത്തന്നെ നിങ്ങള്‍ക്കും തയാറാക്കാം..

Media Mangalam 1 week ago

മൂഹമാധ്യമങ്ങളില്‍ സജീവമായ മലയാളികളുടെ സ്വന്തം പാട്ടുകാരി റിമി ടോമി തന്റെ ഇഷ്ട ഭക്ഷണത്തിന്റെ വീഡിയോയുമായാണ് ഇക്കുറി എത്തിയിരിക്കുന്നത്.

ചൈനീസ് റസ്റ്ററന്റില്‍ നിന്ന് തന്റെ ഇഷ്ട ഭക്ഷണമായ പോർക്ക് ബെല്ലിയും സ്റ്റീം ബണും കഴിക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. എത്രയൊക്കെ വർക്കൗട്ട് ചെയ്താലും വയർ കുറയാത്തത് ഇതുകൊണ്ടാണെന്നും റിമിടോമി പറയുന്നു.

'ഇത്രയും വർക്കൗട്ട് ചെയ്തിട്ട് വയർ കുറയാത്തത് ഇതൊക്കെ കൊണ്ട്.‌ ഞാൻ അബ്ഡോമിൻസിന് പിന്നാലെ പോകാറില്ല, നല്ല ഭക്ഷണത്തിന് പിന്നാലെ പോകും, പിന്നീട് കുറച്ച്‌ ബേണ്‍ ചെയ്ത് കളയും. ഇഷ്ടമുള്ള ഭക്ഷണം പൂർണമായും നിയന്ത്രിക്കുന്നതില്‍ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ അത് ആസ്വദിക്കാൻ ശ്രമിക്കും. തുടർന്ന് അടുത്ത ദിവസം എന്റെ ദിനചര്യയിലേക്ക് മടങ്ങും. അങ്ങനെയാണ് ഞാൻ ബാലൻസ് ചെയ്യുന്നത്,' റിമി വിഡിയോയ്ക്ക് തഴെ കുറിച്ചു.

നമ്മുടെ നാടൻ പോർക്ക് കറികളില്‍ നിന്ന് വ്യത്യസ്തമായി, ചൈനീസ് പാചകരീതിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്നാണ് 'ഹോങ് ഷാവോ റൂ' അഥവാ ചൈനീസ് ബ്രൈസ്ഡ് പോർക്ക് ബെല്ലി. നാവില്‍ അലിയുന്ന അത്രയും മൃദുവായ ഇറച്ചിയും അതിലെ മധുരവും ഉപ്പും ചേർന്ന വ്യത്യസ്തമായ് രുചിയാണ് ഇതിന്റെ പ്രത്യേകത. ചൈനീസ് ബ്രൈസ്ഡ് പോർക്ക് ബെല്ലി കഴിക്കാൻ ചൈനീസ് റസ്റ്ററന്റുകള്‍ കയറി ഇറങ്ങണമെന്നില്ല., വീട്ടില്‍ തന്നെ ഇത് തയാറാക്കാം.

∙ ആവശ്യമായ ചേരുവകള്‍

പോർക്ക് ബെല്ലി: 1 കിലോ (1-2 ഇഞ്ച് കഷ്ണങ്ങളായി മുറിച്ചത്)

റോക്ക് ഷുഗർ (കല്‍ക്കണ്ടം): 20 ഗ്രാം

ഷാവോക്സിങ് വൈൻ (Shaoxing Wine): ½ കപ്പ്

ലൈറ്റ് സോയ സോസ്: 3 ടേബിള്‍സ്പൂണ്‍

ഡാർക്ക് സോയ സോസ്: 1 ടേബിള്‍സ്പൂണ്‍ (നിറത്തിന് വേണ്ടി)

തക്കോലം (Star Anise): 4 എണ്ണം

ഇഞ്ചി: 5-6 വലിയ കഷ്ണങ്ങള്‍

എണ്ണ: 1 ടേബിള്‍സ്പൂണ്‍

വെള്ളം: ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ബ്ലാഞ്ചിങ് (ഇറച്ചി വൃത്തിയാക്കല്‍)

ആദ്യം മുറിച്ചു വച്ചിരിക്കുന്ന പന്നിയിറച്ചി കഷ്ണങ്ങള്‍ ഒരു പാത്രത്തില്‍ എടുക്കുക. അതിലേക്ക് കുറച്ച്‌ ഇഞ്ചിയും വെള്ളവും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. ഇത് ഇറച്ചിയിലെ അഴുക്കുകളും അനാവശ്യ ഗന്ധവും നീക്കം ചെയ്യാൻ സഹായിക്കും. ഇതിനുശേഷം വെള്ളം കളഞ്ഞ് ഇറച്ചി തണുത്ത വെള്ളത്തില്‍ നന്നായി കഴുകി മാറ്റി വയ്ക്കുക.

∙ കാരമലൈസിങ്

ഒരു ചീനച്ചട്ടിയിലോ കട്ടിയുള്ള പാത്രത്തിലോ 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച്‌ കുറഞ്ഞ തീയില്‍ ചൂടാക്കുക. അതിലേക്ക് പഞ്ചസാര/കല്‍ക്കണ്ടം ചേർത്ത് സാവധാനം ഇളക്കുക. പഞ്ചസാര ഉരുകി ഒരു ഇളം തവിട്ട് നിറമാകുന്നതുവരെ ഇളക്കുക. കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ ബ്രേസിങ്

കാരമലൈസ് ചെയ്ത പഞ്ചസാരയിലേക്ക് കഴുകി വച്ചിരിക്കുന്ന പന്നിയിറച്ചി ചേർത്ത് നന്നായി ഇളക്കുക. ഇറച്ചിയില്‍ ‌നിറം പിടിച്ചു കഴിഞ്ഞാല്‍ അതിലേക്ക് ലൈറ്റ് സോയ സോസ്, ഡാർക്ക് സോയ സോസ്, ഷാവോക്സിങ് വൈൻ, തക്കോലം, ഇഞ്ചി എന്നിവ ചേർക്കുക. ഇറച്ചി മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ഒഴിച്ച്‌ പാത്രം നന്നായി മൂടി വയ്ക്കുക.

∙ സാവധാനം പാകം ചെയ്യുക

തീ ഏറ്റവും കുറച്ച്‌ വച്ച്‌ 1 മുതല്‍ 1.5 മണിക്കൂർ വരെ വേവിക്കുക. ഇറച്ചി വെണ്ണ പോലെ മൃദുവാകുന്നത് വരെയാണ് വേവിക്കേണ്ടത്. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുന്നത് നന്നായിരിക്കും.

∙ ഗ്രേവി കുറുക്കിയെടുക്കാം

ഇറച്ചി നന്നായി വെന്ത് കഴിഞ്ഞാല്‍ പാത്രം തുറന്ന് തീ കൂട്ടി വയ്ക്കുക. ഗ്രേവി കട്ടിയുള്ളതും തിളക്കമുള്ളതുമായ പരുവത്തില്‍ ഇറച്ചിയില്‍ പൊതിഞ്ഞിരിക്കുന്നത് വരെ ഇത് വറ്റിച്ചെടുക്കുക.

∙ രുചി ഇരട്ടിയാക്കാൻ ഇവ ചേർക്കാം

പുഴുങ്ങിയ കോഴിമുട്ടയോ കാടമുട്ടയോ ബ്രേസിങ് സമയത്ത് ചേർത്താല്‍ കൂടുതല്‍ രുചികരമാകും. വിഭവത്തിന് അല്‍പം എരിവ് വേണമെന്നുണ്ടെങ്കില്‍ വറ്റല്‍ മുളക് ചേർക്കാം. ഗ്രേവിക്ക് കൂടുതല്‍ രുചി നല്‍കാൻ ഉണങ്ങിയതോ ഫ്രഷ് ആയതോ ആയ കൂണും ഉപയോഗിക്കാം.

സമയലാഭത്തിനായി ഇൻസ്റ്റന്റ് പോട്ട് വേണമെങ്കില്‍ ഉപയോഗിക്കാം. ഇൻസ്റ്റന്റ് പോട്ടില്‍ ഹൈ പ്രഷറില്‍ വെറും 25 മിനിറ്റ് കൊണ്ട് ഇത് തയാറാക്കാം. അതേസമയം, ഇറച്ചി ഏറ്റവും മൃദുവായി കിട്ടാൻ സ്ലോ കുക്കറില്‍ 3-4 മണിക്കൂർ ഹൈ മോഡില്‍ വച്ച്‌ വേവിക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam