വാഷിങ്ടൻ: ആരോ കക്കയുടെ ഷെല്‍ കൊണ്ട് ബീച്ചില്‍ എഴുതി വെച്ച '86 47' എന്ന അക്കം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
പക്ഷേ, അതിന്റെ പേരില്‍ കോടതി കയറി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ ഡയറക്ടർ ജയിംസ് കോമി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 'വധിക്കാൻ ആഹ്വാനം' നടത്തിയെന്ന കുറ്റം ചുമത്തിയാണ് മുൻപേ ട്രംപിന്റെ നോട്ടപ്പുള്ളിയായ കോമിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
2025 മേയില്‍ ബീച്ചില്‍ കക്കയുടെ പുറംതോടുകള്‍ ഉപയോഗിച്ച് '86 47' എന്ന അക്കങ്ങളുടെ മാതൃക ആരോ ഉണ്ടാക്കിവച്ചിരിക്കുന്നതിന്റെ ചിത്രം കോമി 'കൂള്‍ ഷെല്‍ ഫോർമേഷൻ' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, സംഭവം അത്ര കൂളായിരുന്നില്ല. അമേരിക്കയില്‍, ഒരാളെ കൊന്നുകളയുക എന്നതിന് ഉപയോഗിക്കുന്ന കോഡ് ആണ് '86'. ഭക്ഷണശാലകളിലും മറ്റും ഒരു വിഭവം തീർന്നു എന്നു സൂചിപ്പിക്കാനാണ് '86' എന്ന കോഡ് ഉപയോഗിച്ചു തുടങ്ങിയത്. 'ബിരിയാണി 86' എന്ന ബോർഡുകണ്ടാല്‍ ബിരിയാണി തീർന്നു എന്നർഥം. യുഎസിന്റെ 47-ാം പ്രസിഡന്റാണ് ട്രംപ്. ക്യാംപസ് സംവാദത്തിനിടെ വെടിയേറ്റു മരിച്ച ട്രംപ് അനുകൂലിയായ വലതുപക്ഷ ആക്ടിവിസ്റ്റ് ചാർലി കർക്കിന്റെ തൊപ്പിയില്‍ 47 എന്ന അക്കം എഴുതിയിരുന്നു.
അപ്പോള്‍, രണ്ട് അക്കങ്ങളും കൂട്ടി വായിച്ചാല്‍ 'ട്രംപിനെ തീർത്തുകളയുക' എന്ന് അർഥമുണ്ടെന്നു വ്യാഖ്യാനിച്ചാണ് കോമിക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തതും അറസ്റ്റ് ചെയ്തതും.
സംഭവം വിവാദമായതോടെ, താൻ അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ലെന്നു പറഞ്ഞ് കോമി പോസ്റ്റ് പിൻവലിച്ചു. പക്ഷേ, നിരന്തര വിമർശകനായ കോമിയെ 'തീർക്കാൻ' ട്രംപ് തീരുമാനിച്ചു. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കോമി സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 2013 മുതല്‍ 2017 വരെ എഫ്ബിഐ ഡയറക്ടർ ആയിരുന്നു ജയിംസ് കോമി.

