തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത പ്രഹരം.
മുഖ്യമന്ത്രിയുള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്ന 20 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടത് ഭരണപക്ഷത്തിന് വലിയ തിരിച്ചടിയായി. സിപിഐ മന്ത്രിമാർ മാത്രമാണ് ആശ്വാസകരമായ വിജയം നേടിയത്. ഇടതുകോട്ടകളെന്നു വിശേഷിപ്പിക്കപ്പെടുന്ന പല മണ്ഡലങ്ങളിലും മന്ത്രിമാർ നിഷ്പ്രഭരാകുന്ന കാഴ്ചയാണ് കണ്ടത്.
കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തുടർന്ന പത്തനാപുരത്ത് കെബി ഗണേഷിന് കാലിടറിയത് ജ്യോതികുമാർ ചാമക്കാലക്ക് മുന്നിലാണ്. ആറൻമുളയിലെ വോട്ടെണ്ണുമ്പോള്‍ ഒരു റൗണ്ടില്‍ പോലും ആധിപത്യം ഉണ്ടായിരുന്നില്ല വീണ ജോർജ്ജിന്. അവിടെ അബിൻവർക്കി നേടിയത് അസാമാന്യജയമാണ്. ഏറ്റുമാനൂരില്‍ വിഎൻ വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റവാങ്ങിയത് വമ്പൻ പരാജയങ്ങളാണ്. ഇരിങ്ങാലക്കുടയില്‍ മന്ത്രി ആർ ബിന്ദു തോറ്റു. കടുത്ത മത്സരം അതിവീജിക്കുമെന്ന് വിശ്വസിച്ചിരുന്ന പി രാജീവിനും ഒടുവില്‍ കളമശ്ശേരിയില്‍ കാലിടറി. തിരിച്ച് പിടിച്ച തൃത്താലയില്‍ എംബി രാജേഷ് പിന്നെയും വിടി ബല്‍രാമിനോട് തോറ്റു. മണ്ഡലം മാറി മത്സരിച്ച വി അബ്ദുഹ്മാൻ തിരൂരില്‍ പരാജയപ്പെട്ടു.
എക്കാലവും എൻസിപിക്കൊപ്പം നിന്ന സിപിഎം കോട്ടയായ എലത്തൂരില്‍ എകെ ശശീന്ദ്രൻ ഏറ്റുവാങ്ങിയതും കനത്ത തോല്‍വിയാണ്. മാനന്തവാടിയില്‍ ഒ ആർ കേളു, കണ്ണൂർ കോട്ടയില്‍ കടന്നപ്പള്ളി, ധർമ്മടത്ത് തോറ്റതിനൊക്കുമേ എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിച്ച് കയറിയത്. കൊട്ടാരക്കരയില്‍ കെഎൻ ബാലഗോപാല്‍ കഷ്ടിച്ച് കടന്ന് കൂടി. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചു. ഒല്ലൂരില്‍ കെ രാജനും ചേർത്തലയില്‍ പി പ്രസാദും നെടുമങ്ങാട്ട് ജിആർ അനിലും ചെങ്ങന്നൂരില്‍ സജി ചെറിയാനും ആശ്വാസ വിജയം നേടി.

