തൃശൂർ: കുന്നംകുളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഓട്ടോ സ്റ്റാർട്ടായതിനെ തുടർന്ന് മൂന്ന് വയസുകാരിയും വാഹനവും കിണറ്റില്‍ വീണു.
മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇലക്‌ട്രിക് ഓട്ടോയില്‍ കയറി കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വാഹനം സ്റ്റാർട്ട് ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട ഓട്ടോ മുന്നോട്ട് നീങ്ങി സമീപത്തുണ്ടായിരുന്ന കിണറിന്റെ ആള്‍മറ തകർത്താണ് കിണറ്റിലേക്ക് പതിച്ചത്. ഇതോടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന കുട്ടിയും കിണറ്റില്‍ അകപ്പെടുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മരംവെട്ട് തൊഴിലാളികളാണ് ആദ്യം കിണറ്റിലേക്ക് ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്. അതിവേഗം നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കിണറ്റില്‍ വീണെങ്കിലും കുട്ടിക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കൂടുതല്‍ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

