കർണാടകയിലെ കുടകില്‍ ട്രെക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസ് (36)യെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
തടിയൻഡമോള്‍ കയറാനെത്തിയ ശരണ്യയെ ഏപ്രില്‍ 2 ഉച്ചയ്ക്കുശേഷമാണ് കാണാതായത്. കയ്യിലുണ്ടായിരുന്ന വസ്തുക്കളോ മറ്റ് തെളിവുകളോ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫായ നിലയിലാണ്. ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പൊലീസും വനംവകുപ്പും ചേർന്ന് വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ അഞ്ച് സംഘങ്ങളായി ഏകദേശം 60 പേരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. കനത്ത കാടും ചെങ്കുത്തായ പ്രദേശവും വന്യജീവികളുടെ സാന്നിധ്യവും തിരച്ചിലിന് വലിയ വെല്ലുവിളിയാകുന്നു.
നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു ശരണ്യയുടെ താമസം. ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് വനംവകുപ്പിന്റെ അനുമതി എടുത്തിരുന്നു. കാട്ടാന ശല്യമുള്ളതിനാല്‍ സംഘത്തിനൊപ്പം പോകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അവർ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു.
ശരണ്യയുടെ സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സ്റ്റേഷനില്‍ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. അപകടമോ വഴിതെറ്റലോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സങ്കീർണ്ണമാക്കുന്നുണ്ടെങ്കിലും, ഉടൻ തന്നെ സുരക്ഷിതമായി ശരണ്യയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.

