പട്ന: കണ്‍ഫേംഡ് ടിക്കറ്റുമായി എത്തിയ യാത്രക്കാർക്ക് സീറ്റ് നിഷേധിച്ച സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേക്ക് വൻ തുക പിഴ ചുമത്തി ഉപഭോക്തൃ കോടതി.
യാത്രക്കാർ നല്‍കിയ ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടിയാണ് കോടതി പിഴയായി വിധിച്ചത്. ബിഹാറിലെ ഭോജ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് ഈ നിർണ്ണായക ഉത്തരവ്. നിയമപരമായി ടിക്കറ്റ് ലഭിച്ചിട്ടും റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം കാരണം നാല് യാത്രക്കാർക്കാണ് ട്രെയിനില്‍ ദുരിതയാത്ര ചെയ്യേണ്ടി വന്നത്.
'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് അനുസരിച്ച്, എല്‍.ടി.ടി പട്ന എക്സ്പ്രസില്‍ ഉത്തർപ്രദേശിലെ വിന്ധ്യാചലില്‍ നിന്ന് ബിഹാറിലെ ആരായിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാരുടെ പരാതിയെ തുടർന്നാണ് ഈ നടപടി. ട്രെയിനില്‍ കയറിയപ്പോള്‍ തങ്ങളുടെ കണ്‍ഫേംഡ് ബെർത്തുകളില്‍ റെയില്‍വേ ജീവനക്കാർ ഇരിക്കുന്നതായിട്ടാണ് യാത്രക്കാർ കണ്ടതെന്ന് പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് വേണ്ടി ബെർത്ത് ഒഴിഞ്ഞുതരണമെന്ന് ജീവനക്കാരോട് അഭ്യർത്ഥിച്ചിട്ടും സീറ്റുകള്‍ നല്‍കാൻ അവർ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ സർവീസിലെ പോരായ്മ കാരണം യാത്രക്കാർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനം നേരിടേണ്ടിവന്നതായി കൃഷ്ണ പ്രതാപ് സിംഗ് , കമല്‍ കിഷോർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ബുക്കിംഗ് തുകയായ 1,876.80 രൂപ 8% വാർഷിക പലിശ സഹിതം തിരികെ നല്‍കാനും, 20,000 രൂപ നഷ്ടപരിഹാരമായും, 15,000 രൂപ കോടതിച്ചെലവായും 60 ദിവസത്തിനകം നല്‍കാനും നോർത്ത് സെൻട്രല്‍ റെയില്‍വേയോടും റെയില്‍വേ മന്ത്രാലയത്തോടും ബെഞ്ച് ഉത്തരവിട്ടു.
നിശ്ചിത സമയത്തിനകം തുക നല്‍കിയില്ലെങ്കില്‍, 10% വാർഷിക പലിശയോടെ നിയമനടപടികളിലൂടെ തുക ഈടാക്കാൻ പരാതിക്കാരന് അവകാശമുണ്ടായിരിക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

