Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ സി പക്ഷം എന്നൊന്നില്ല; പിച്ചിച്ചീന്താവുന്നിടത്തോളം തന്നെ ചീന്തിയില്ലേ എന്നും കെ സി വേണുഗോപാല്‍

കെ സി പക്ഷം എന്നൊന്നില്ല; പിച്ചിച്ചീന്താവുന്നിടത്തോളം തന്നെ ചീന്തിയില്ലേ എന്നും കെ സി വേണുഗോപാല്‍

Media Mangalam 1 week ago

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

പാർട്ടി അന്തിമ തീരുമാനമെടുത്താല്‍ അത് അംഗീകരിച്ച്‌ മുന്നോട്ട് പോകുന്നത് ഓരോ പ്രവർത്തകന്റെയും കടമയാണെന്നും താനും അതേ നിലപാടിലാണ് ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അനുയായികള്‍ക്ക് നിരാശയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. കേരളത്തിലെ മുഖ്യമന്ത്രി നിർണയത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും ഇന്നാണ് കെ സി വേണുഗോപാല്‍ കേരളത്തിലെത്തിയത്.

വിമാനത്താവളത്തില്‍ സണ്ണി ജോസഫ്, മാത്യു കുഴല്‍നാടൻ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, പഴകുളം മധു, വി.എസ്. ശിവകുമാർ, കെ. ജയന്ത്, എം. ലിജു, നാട്ടകം സുരേഷ്, പ്രവീണ്‍ കുമാർ എന്നിവർ ചേർന്ന് കെ.സി. വേണുഗോപാലിനെ സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ഏറ്റവും കഴിവുറ്റ എം.എല്‍.എമാരാണ് ഇത്തവണ വിജയിച്ചെത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അർഹതയും പ്രവർത്തനക്ഷമതയും അടിസ്ഥാനമാക്കി മികച്ച മന്ത്രിസഭ രൂപീകരിക്കപ്പെടുമെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാൻ മന്ത്രിമാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ചുള്ള അന്തിമ തീരുമാനം നിയുക്ത മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ചേർന്നായിരിക്കും എടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

'കെ.സി പക്ഷം' എന്ന തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം തള്ളി. തന്നെ സ്വീകരിക്കാൻ എത്തിയവരെ സ്വന്തം പക്ഷക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കെ.പി.സി.സി പ്രസിഡന്റടക്കമുള്ളവർ എത്തിയതിനെ ചൂണ്ടിക്കാട്ടി അതും 'കെ.സി പക്ഷം' ആണോ എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്‌ 'പിച്ചിച്ചീന്തുന്നത്' നിർത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പിച്ചിച്ചീന്താവുന്നിടത്തോളം തന്നെ ചീന്തിയില്ലേ ഇനിയെങ്കിലും നിർത്തിക്കൂടേ എന്നും അദ്ദേഹം ചോദിച്ചു.

പാർട്ടിയേയും വ്യക്തിപരമായും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച അദ്ദേഹം, ഇനിയെങ്കിലും പുതിയ സർക്കാരിന് പിന്തുണ നല്‍കി മുന്നോട്ട് പോകേണ്ട സമയമാണിതെന്നും പറഞ്ഞു. തനിക്ക് മറ്റ് പദവികളിലൊന്നും ആഗ്രഹമില്ലെന്നും ഒരു കോണ്‍ഗ്രസ് പ്രവർത്തകനായി തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, രമേശ് ചെന്നിത്തലയുമായും നിയുക്ത മുഖ്യമന്ത്രിയുമായും ചർച്ചകള്‍ നടത്തിയതായി പറഞ്ഞ കെ.സി. വേണുഗോപാല്‍, എല്ലാ വിഷയങ്ങളും സൗഹൃദപരമായി പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam