കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം വൈസ് ചെയർമാനുമായ ടി.യു. കുരുവിള (89) അന്തരിച്ചു.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് 2006-ലും 2011-ലും അദ്ദേഹം നിയമസഭയിലെത്തി. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് പുറമെ റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.
കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും പി ജെ ജോസഫിനോട് മാത്രം കൂറു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു കോതമംഗലത്തുകാരുടെ "കുര്‍ളാന്‍ ചേട്ടന്‍" . പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മന്ത്രി സ്ഥാനം വരെയുളള രാഷ്ട്രീയ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസുകാരന്‍. യാക്കോബായ സഭയുടെ ശക്തനായ വക്താവെന്ന നിലയിലും വ്യവസായി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ടി യു കുരുവിള.

