കൊച്ചി: കേരളത്തില്‍ വീണ്ടും അവയവദാനം. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ അർജുന്റെ ഹൃദയമാണ് 48-കാരനായ മലപ്പുറം സ്വദേശിക്ക് നല്‍കുന്നത്.
യുവാവിന്റെ ഹൃദയം സർക്കാർ എയർ ആംബുലൻസില്‍ അതിവേഗം കൊച്ചിയിലെത്തിച്ച് 48കാരനായ രോഗിക്ക് മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബം അവയവദാനത്തിന് സമ്മതം നല്‍കിയത്. തുടർന്ന് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വിവിധ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ അതിവേഗം പൂർത്തിയാക്കി.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച ഹൃദയം, ഡോക്ടർമാരടങ്ങിയ സംഘം ഏറ്റുവാങ്ങി. ഉടൻ തന്നെ തുടർനടപടികളിലേക്ക് കടന്നു. ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളെല്ലാം സജ്ജമാക്കിയിരുന്നു. പത്ത് ഡോക്ടർമാരോളമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
രാവിലെ 9.30ഓടെ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഹൃദയം സർക്കാരിന്റെ എയർ ആംബുലൻസില്‍ വെറും 50 മിനിറ്റിനുള്ളില്‍ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെ ഹെലിപാഡിലെത്തി. ഇതിനോടകം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന ഡോക്ടർമാരുടെ വിദഗ്ധസംഘം ഉടൻ തന്നെ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു. മലപ്പുറം സ്വദേശിയായ 48കാരനാണ് ഈ ഹൃദയം ലഭിക്കുന്നത്.
ഹൃദയത്തിനൊപ്പം യുവാവിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തു. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. ഇതിലൂടെ നിരവധി രോഗികള്‍ക്ക് പുതുജീവിതത്തിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണൂർ വളക്കൈയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളായുള്ള ചികിത്സയ്ക്കൊടുവില്‍ മസ്തിഷ്കമരണം സ്ഥിരീകരിസിച്ചിരുന്നു. തുടർന്ന് അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

