തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6) പ്രകാരം മദ്യോപയോഗത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്ത് പിന്നിലുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരുന്നു.
15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മദ്യോപയോഗ നിരക്ക് അടിസ്ഥാനമാക്കിയ പട്ടികയില്‍ കേരളം 19-ാം സ്ഥാനത്താണ്.
സർവേ പ്രകാരം 50.5 ശതമാനം നിരക്കോടെ അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. 43.9 ശതമാനവുമായി തെലങ്കാന രണ്ടാം സ്ഥാനത്തും തുടരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി തമിഴ്നാട് (23.5%), ആന്ധ്രാപ്രദേശ് (23.3%) എന്നിവ കേരളത്തേക്കാള്‍ ഉയർന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ പുരുഷ മദ്യോപയോഗ നിരക്ക് കേരളത്തിലാണ്, 22.7 ശതമാനം.
ദീർഘകാല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് മദ്യോപയോഗത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി കാണാം. 2005-06 കാലഘട്ടത്തില്‍ 45 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ ഏകദേശം പകുതിയായി കുറഞ്ഞ് 22.7 ശതമാനത്തിലെത്തിയിട്ടുണ്ട്. മുൻ സർവേയായ 2019-20ല്‍ ഇത് 19.9 ശതമാനമായിരുന്നു. പുതിയ കണക്കുകളില്‍ ഗ്രാമീണ മേഖലയില്‍ 23.7 ശതമാനവും നഗര മേഖലയില്‍ 21.5 ശതമാനവും പുരുഷന്മാർ മദ്യം ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്നു. സ്ത്രീകളില്‍ ഈ നിരക്ക് 0.3 ശതമാനം മാത്രമാണ്.
സർവേ ഫലങ്ങള്‍ക്കും സംസ്ഥാനത്തെ ഔദ്യോഗിക വില്‍പ്പന കണക്കുകള്‍ക്കുമിടയില്‍ ചില വ്യത്യാസങ്ങളും കാണപ്പെടുന്നു. ബെവ്‌കോയുടെ (BEVCO) കണക്കുകള്‍ പ്രകാരം 2019-20ല്‍ 3.35 കോടി കെയ്‌സ് മദ്യമാണ് വില്‍പ്പനയായത്. എന്നാല്‍ 2023-24ല്‍ ഇത് 3.30 കോടി കെയ്‌സായി കുറഞ്ഞതായി രേഖപ്പെടുത്തുന്നു.
അതേസമയം, കഴിഞ്ഞ ദശകത്തില്‍ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണവും മൂലം സംസ്ഥാനത്ത് വലിയ മദ്യദുരന്തങ്ങള്‍ ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് സർക്കാർ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. വ്യാജമദ്യ വിപണിയെ നിയന്ത്രിക്കുന്നതിലും ഗുണനിലവാരമുള്ള വിതരണ സംവിധാനം ഉറപ്പാക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

