കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാജ്യം നല്‍കിയ പത്മഭൂഷണ്‍ പുരസ്കാരം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.
പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളില്‍ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളില്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

