Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിലോയ്ക്ക് ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വ്വ മാമ്പഴം വിളയിച്ച്‌ ഒഡീഷാ യുവാവ്; കള്ളൻമാരെ പേടിച്ച്‌ ഉറക്കം മാവിൻ ചുവട്ടില്‍, വില്‍ക്കാൻ വഴിതേടുന്നു!

കിലോയ്ക്ക് ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വ്വ മാമ്പഴം വിളയിച്ച്‌ ഒഡീഷാ യുവാവ്; കള്ളൻമാരെ പേടിച്ച്‌ ഉറക്കം മാവിൻ ചുവട്ടില്‍, വില്‍ക്കാൻ വഴിതേടുന്നു!

Media Mangalam 2 weeks ago

ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ ജാപ്പനീസ് 'മിയാസാക്കി' സ്വന്തം തോട്ടത്തില്‍ വിജയകരമായി വിളയിച്ചെടുത്ത് ശ്രദ്ധേയനാവുകയാണ് ഒഡീഷയിലെ മല്‍ക്കാൻഗിരി ജില്ലക്കാരനായ ദേബ പാധിയാമി.

അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന ഈ അപൂർവ്വയിനം മാമ്പഴം ഒഡീഷയിലെ തമാസ ഗ്രാമത്തിലാണ് വിളഞ്ഞിരിക്കുന്നത്. നാല് വർഷങ്ങള്‍ക്ക് മുൻപ് ഒരു സാമൂഹിക പ്രവർത്തകനില്‍ നിന്നാണ് ദേബയ്ക്ക് ഈ മാവിൻതൈ ലഭിക്കുന്നത്. വർഷങ്ങളോളം ഏറെ ശ്രദ്ധയോടെയും ക്ഷമയോടെയും പരിചരിച്ച മാവ് ഒടുവില്‍ ഇത്തവണ കായ്ക്കുകയായിരുന്നു.

എന്നാല്‍, ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം നട്ടുവളർത്തിയെടുത്തുവെങ്കിലും ഇപ്പോള്‍ അതിന്റെ പേരില്‍ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണ് ദേബ. വലിയ വിലയുള്ള മാങ്ങയായതിനാല്‍ തന്നെ ഇത് ആരെങ്കിലും മോഷ്ടിച്ചിട്ടു പോകുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. അതിനാല്‍ തന്നെ മരത്തിനടുത്താണ് ഈ കർഷകന്റെ ഉറക്കം പോലും. മാവിലുള്ള ഈ വിലയേറിയ മാമ്പഴങ്ങള്‍ കള്ളന്മാരെ ആകർഷിക്കുമെന്നും തന്റെ കണ്ണ് വെട്ടിച്ച്‌ അവരത് മോഷ്ടിച്ചുകൊണ്ടുപോകുമെന്നും ഭയന്ന് താൻ ഈ മാവുകള്‍ക്കടുത്ത് തന്നെയാണ് ഉറക്കമെന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴങ്ങളിലൊന്ന് കൃഷി ചെയ്യുന്നുണ്ടെങ്കിലും, അവ എങ്ങനെ വില്‍ക്കണമെന്ന് ദേബയ്ക്ക് അറിയില്ല. ഇത്തരം വില കൂടിയ പഴങ്ങള്‍ക്ക് പ്രത്യേക പാക്കേജിംഗിനെ കുറിച്ചും, പ്രീമിയം ഹോട്ടലുകള്‍, എക്സ്പോർട്ടിംഗ് അല്ലെങ്കില്‍ ഇത്തരം പഴങ്ങള്‍ നേരിട്ടു വാങ്ങുന്നവർ എന്നിവരെ കുറിച്ചുമെല്ലാം അറിയേണ്ടതായിട്ടുണ്ട്. അതേസമയം, ചുവപ്പ് രത്നം പോലെ മനോഹരമായ മിയാസാക്കി ഭൂമിയിലെ ഏറ്റവും വിലയേറിയ മാമ്പഴമായാണ് അറിയപ്പെടുന്നത്. 'സൂര്യൻറെ മുട്ട' എന്നും മിയാസാക്കി മാമ്പഴത്തെ വിളിക്കുന്നു. കടും ചുവപ്പു നിറത്തില്‍ കാണപ്പെടുന്ന ഈ മാമ്പഴം ഏറെ രുചികരവും മധുരമുള്ളതുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam