ചെന്നൈ: തമിഴ്‌നാട്ടില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്.
പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവർത്തി ഈ സീറ്റില്‍ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ഞായറാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എഐഎഡിഎംകെ എംപി ആയിരുന്ന സി.വി. ഷണ്‍മുഖം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. ഇതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 18-നാണ് നടക്കുക. ഈ സീറ്റ് ടിവികെയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു. പ്രത്യേകിച്ച്, ടിവികെയ്ക്ക് പാർലമെന്റില്‍ അവരുടെ അക്കൗണ്ട് തുറക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും എഐസിസി ഇൻചാർജ് ഗിരീഷ് ചോദാങ്കറും മന്ത്രി രാജേഷ് കുമാറും അടങ്ങുന്ന സംഘം ഇന്ന് മുഖ്യമന്ത്രി വിജയ്‌യെ സെക്രട്ടേറിയറ്റിലെത്തി കണ്ടിരുന്നു. കോണ്‍ഗ്രസ് സംഘം മടങ്ങിയതിന് പിന്നാലെയാണ്, എംപി സീറ്റ് കോണ്‍ഗ്രസിന് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വിജയ്‌യുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസിന് ഇതൊരു വലിയ നേട്ടമാണ്. വർഷങ്ങളായി തമിഴ്‌നാട് മന്ത്രിസഭയില്‍ ഇടമില്ലാതിരുന്ന കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരെയാണ് ടിവികെ സഖ്യത്തിലൂടെ ലഭിച്ചത്. അതിന് പിന്നാലെയാണ് ഒരു രാജ്യസഭാ സീറ്റ് കൂടി തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്നത്. ദേശീയതലത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ കോണ്‍ഗ്രസിന് അംഗങ്ങളുണ്ടാവുക എന്നത് പ്രധാനമാണ്.
ഇപ്പോള്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ നാലോ അഞ്ചോ സീറ്റുകള്‍ സ്വന്തമാക്കാം എന്നൊരു പ്രതീക്ഷ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി തമിഴ്‌നാട്ടില്‍ നിന്നുകൂടി ഒരു രാജ്യസഭാ അംഗത്തെ ലഭിക്കാനുള്ള വഴി ഒരുങ്ങിയിരിക്കുന്നത്.
നേരത്തേ, ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി നിന്നിരുന്ന സമയത്ത് ടിവികെ നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ വിവാദത്തില്‍പെട്ട പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നേതാവ് പ്രവീണ്‍ ചക്രവർത്തിയുടെ പേരാണ് ഈ സിറ്റീലേക്ക് ഉയർന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ഇതിനെല്ലാം പുറമേ, ഒരു കാര്യങ്ങളിലും വിജയ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നില്ല എന്ന പരാതികള്‍ക്കിടയിലാണ് ഇത്തരം ഒരു തീരുമാനം ടിവികെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന കാര്യമാണ്.

