കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടില്‍ പ്രദേശങ്ങളില്‍ രണ്ടും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു.
നിലവില്‍ ഇരുവരും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആദ്യമായി വയറിളക്കവും അസ്വസ്ഥതയും പോലുള്ള ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് കുട്ടികളെ പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, കൂടുതല്‍ പരിശോധനക്കും വിദഗ്ധ പരിചരണത്തിനുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളില്‍ ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരുന്നത് തടയുന്നതിനായി ജാഗ്രതാ നിർദേശങ്ങളും ശുചിത്വ പ്രവർത്തനങ്ങളും ഊർജിതമായി നടപ്പിലാക്കുകയാണ്.
നേരത്തെ കോഴിക്കോട്ടെ പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഷിഗെല്ല വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് രോഗബാധയെ തുടർന്ന് ഒരു കുട്ടി മരണപ്പെട്ട സംഭവവും ഉണ്ടായിരുന്നു. ശക്തമായ ആരോഗ്യ ഇടപെടലുകളിലൂടെയാണ് അന്ന് രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. അതേ മാതൃകയിലാണ് ഇപ്പോഴും പ്രതിരോധ പ്രവർത്തനങ്ങള്‍ തുടരുന്നത്.
ഷിഗെല്ല എന്താണ്?
ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ കുടലിനെ ബാധിച്ച് ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. സാധാരണയായി പെട്ടെന്ന് പടരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം ഗുരുതരമായ വയറിളക്കമാണ്. ചില സാഹചര്യങ്ങളില്‍ രക്തം കലർന്ന വയറിളക്കവും ഉണ്ടാകാം.
കുട്ടികളില്‍, പ്രത്യേകിച്ച് അഞ്ചുവയസ്സിന് താഴെയുള്ളവരില്‍, ഈ രോഗബാധ കൂടുതല്‍ കണ്ടുവരുന്നു. ശരീരത്തിലെ ജലാംശം കുറയുന്നതാണ് പ്രധാന അപകടകാരണം. സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത പക്ഷം നിർജ്ജലീകരണം ഗുരുതരാവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും വരെ എത്തിച്ചേക്കാം. എന്നാല്‍, നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുകയാണെങ്കില്‍ രോഗം ഫലപ്രദമായി നിയന്ത്രിക്കാനാകും.

