തൊഴില്‍ മേഖലകളെ നിർമ്മിത ബുദ്ധി എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ചകള്‍ക്കിടെ, വയലില്‍ കൃഷിപ്പണിയിലേർപ്പെടുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാകുകയാണ്.
എക്സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൃഷി പോലുള്ള ശാരീരിക അധ്വാനം ആവശ്യമായ മേഖലകള്‍ എഐയുടെ സ്വാധീനത്തില്‍ നിന്ന് ഏറെക്കുറെ സുരക്ഷിതമാണെന്ന ധാരണയെയാണ് ഈ ദൃശ്യങ്ങള്‍ ചോദ്യം ചെയ്യുന്നത്. 'ഫിഡെക്സ്കോഡ്' എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് വീഡിയോ പങ്കുവെച്ചത്.
മണ്‍വെട്ടി ഉപയോഗിച്ച് വയലില്‍ ജോലി ചെയ്യുന്ന മനുഷ്യസദൃശ റോബോട്ടാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. "ടെക് ജോലികള്‍ എഐ ഏറ്റെടുക്കുമ്പോള്‍ കൃഷിയിലേക്ക് മാറൂ… അതേസമയം എഐ" എന്ന പരിഹാസാത്മക അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതോടെ, എഐയില്‍ നിന്ന് രക്ഷപ്പെടാൻ കൃഷി മേഖലയിലേക്ക് തിരിയാമെന്ന് കരുതിയവർക്കുപോലും ആശങ്കയുണ്ടാക്കുന്ന തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്.
"കൃഷി, പ്ലംബിങ്, ആശാരിപ്പണി പോലുള്ള ശാരീരിക അധ്വാനം ആവശ്യമായ ജോലികളിലേക്ക് എഐ എത്താൻ ഇനിയും വർഷങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതിയത്. എന്നാല്‍ അതും വേഗത്തില്‍ യാഥാർഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നത്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. അതേസമയം, വീഡിയോ യഥാർഥമാണോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവരും കുറവല്ല. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങളാകാമെന്നാണ് ചിലരുടെ അഭിപ്രായം.
ഇതിനിടെ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു മുമ്പ് നടത്തിയ പരാമർശവും വീണ്ടും ചർച്ചയിലായി. സാമ്പത്തിക ലാഭത്തേക്കാള്‍ മനുഷ്യബന്ധങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും പ്രാധാന്യമുള്ള മേഖലകളെ എഐക്ക് എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കുട്ടികളുടെ പരിപാലനം, അധ്യാപനം, വയോജന സംരക്ഷണം, വനസംരക്ഷണം, ക്ഷേത്രങ്ങളിലെ നിത്യചടങ്ങുകള്‍, കർണാടക സംഗീതം, കൃഷി തുടങ്ങിയ മേഖലകളെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ആ വിലയിരുത്തലിനെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കാർഷിക മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും ഉല്‍പ്പാദനക്ഷമത വർധിപ്പിക്കാനും എഐയും റോബോട്ടിക് സാങ്കേതികവിദ്യയും ഭാവിയില്‍ നിർണായക പങ്കുവഹിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനേക്കാള്‍ അവരുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സഹായി സാങ്കേതികവിദ്യയായിരിക്കും ഇത്തരം റോബോട്ടുകളുടെ പ്രധാന ഉപയോഗമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത് യഥാർഥ ദൃശ്യമാണോ, എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും, എഐയുടെ അതിവേഗ വളർച്ച തൊഴില്‍ മേഖലയിലും കാർഷിക രംഗത്തും ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ഈ വീഡിയോ വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.

