കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരില്‍ പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേർ മരിച്ച സംഭവത്തില്‍ നിർണായക അറസ്റ്റുമായി പൊലീസ്.
മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത പടക്കനിർമാണത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. അപകടസമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു; ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസില്‍ പ്രതിചേർത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍പറമ്പില്‍ രാഹുല്‍ (26), മുണ്ടിക്കല്‍ത്താഴം പുതിയോട്ടുമേത്തല്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. മരിച്ച പുതിയോട്ടുമേത്തല്‍ രാഹുലിന്റെ സഹോദരനാണ് വിഷ്ണു. വിഷ്ണുവിന്റെ ഭാര്യ സിമിക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സ്‌ഫോടനം നടന്ന വീട്ടിലെ അനധികൃത പടക്കനിർമാണം പ്രദേശത്ത് 'പരസ്യമായ രഹസ്യം' ആയിരുന്നുവെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചത്. പനയോലപ്പടക്കം നിർമിക്കാൻ ഉപയോഗിക്കുന്ന വൻതോതിലുള്ള പനയോലകള്‍ വീട്ടുമുറ്റത്ത് ശേഖരിച്ചിരുന്നതായി കണ്ടെത്തി. മാസങ്ങള്‍ക്കുമുമ്പ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവ എത്തിച്ചതാണെന്ന് സംശയിക്കുന്നു.
കുരിക്കത്തൂർ അങ്ങാടിയില്‍ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഈ വാടകവീട്ടിലേക്ക് ഇടുങ്ങിയ വഴിയിലൂടെ ഇത്രയും സാധനങ്ങള്‍ എത്തിച്ചതും സംശയം ഉയർത്തുന്ന കാര്യമാണ്. സമീപവാസികള്‍ പകല്‍സമയങ്ങളില്‍ തന്നെ പനയോലകള്‍ മുറിച്ച് ആവശ്യമായ വലുപ്പത്തിലാക്കുകയും ശേഷിപ്പുകള്‍ ഇന്ധനമായി കൊണ്ടുപോകുകയും ചെയ്തിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു.
ഗ്രാമപ്രദേശമായതിനാല്‍ പുറത്തുനിന്നുള്ള ആളുകളുടെ നീക്കങ്ങള്‍ സാധാരണ ശ്രദ്ധയില്‍പ്പെടുന്ന സ്ഥലമാണിത്. എന്നിരുന്നാലും ഇത്തരം പ്രവർത്തനങ്ങള്‍ നീണ്ടുനിന്നത് ദുരൂഹത വർധിപ്പിക്കുന്നു. പ്രദേശവാസികളില്‍ നിന്ന് കൂടുതല്‍ വിവരശേഖരണം ആരംഭിച്ച പൊലീസ്, സംഭവസ്ഥലത്ത് എത്തിയ വാഹനങ്ങളുടെ നമ്പറുകള്‍ അടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

