കോപ്പണ്‍ഹേഗൻ: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ പുകവലിയുമായി താരതമ്യം ചെയ്ത് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെയും കുട്ടികളുടെ സുരക്ഷയെയും കുറിച്ചുള്ള ഒരു കോണ്‍ഫറൻസിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിന് വരുത്തിവെക്കുന്ന ഭീഷണികള്‍ സമൂഹം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിക്കാനാണ് അവർ ഈ കടുത്ത താരതമ്യം നടത്തിയത്.
യുവാക്കളുടെ സംരക്ഷണത്തിനായി ഡെന്മാർക്കില്‍ 15 വയസ്സില്‍ താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്. മെറ്റെ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും പലരും ഇപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ കുറച്ചുകാണുന്നുണ്ടെന്നും മെറ്റെ അഭിപ്രായപ്പെട്ടു.
ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്നാണ് പ്രധാനമന്ത്രി ഈ ഉറച്ച നിലപാടിലൂടെ വാദിച്ചത്. 'എനിക്ക് ഒരു ചെറിയ കുട്ടികളുണ്ടായിരുന്നെങ്കില്‍, അവർ തനിച്ച് സോഷ്യല്‍ മീഡിയയുടെ ലോകത്തായിരിക്കുന്നതിനേക്കാള്‍, അവർ പുകവലിക്കുന്നതാകും ഞാൻ ഇഷ്ടപ്പെടുക.' മെറ്റെ പറഞ്ഞു. 'പക്ഷേ ഞാൻ പ്രധാനമന്ത്രിയാണ്, അതുകൊണ്ടുതന്നെ ഞാൻ അത് പറയില്ല.' അവർ ഉടൻ കൂട്ടിച്ചേർത്തു.
'നമുക്ക് എന്തോ കുഴപ്പമുണ്ട്… നമ്മള്‍ ഇപ്പോഴും പഴയ ഭീഷണികളെയാണ് നോക്കുന്നത്, എന്നാല്‍ പുതിയൊരെണ്ണം ഇവിടെയുണ്ട്, അത് കൂടുതല്‍ വ്യക്തമായി നമുക്ക് മുന്നിലുണ്ട്.' അവർ പറഞ്ഞു. മുതിർന്നവർക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത വിധത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തുകയാണെന്നും ഡാനിഷ് നേതാവ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ പ്രസ്താവന, ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചർച്ചകള്‍ക്ക് പുതിയ വേഗത നല്‍കിയിരിക്കുകയാണ്. ഇതിലൂടെ സാങ്കേതിക കമ്പനികളുടെ അല്‍ഗോരിതങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അടിമത്തത്തെയും ആഘാതത്തെയും കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയ കമ്പനികള്‍ യുവ ഉപയോക്താക്കളെ ദീർഘനേരം അതില്‍ തന്നെ നിലനിർത്തുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇത് അവരുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്ന ഉള്ളടക്കങ്ങളിലേക്ക് അവരെ എത്തിക്കുന്നുവെന്നും മെറ്റെ അഭിപ്രായപ്പെട്ടു. 'സോഷ്യല്‍ മീഡിയ യുവാക്കളുടെ ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ടോ' എന്ന് യൂറോപ്പിലുടനീളമുള്ള നയരൂപകർത്താക്കള്‍ ചോദിക്കുന്ന വലിയൊരു ചർച്ചയുടെ പ്രതിഫലനമാണ് മെറ്റെയുടെ പ്രതികണത്തിലും ഉള്ളത്.
അതേസമയം, വിമർശകർ പ്രധാനമന്ത്രിയുടെ ഈ താരതമ്യത്തെ ചോദ്യം ചെയ്തുകൊണ്ടും മുന്നോട്ടുവന്നിട്ടുണ്ട്. പുകയില സ്വാഭാവികമായും ദോഷകരമാണെന്നും എന്നാല്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചാല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വിദ്യാഭ്യാസപരമായ അവസരങ്ങളും സാമൂഹിക ബന്ധങ്ങളും വിവരങ്ങളിലേക്കുള്ള പ്രവേശനവും നല്‍കാൻ കഴിയുമെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ പുകവലിയുമായി തുല്യപ്പെടുത്തുന്നത് കുറച്ചു കടന്ന കൈയായിപ്പോയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യം, ഓണ്‍ലൈൻ ദുരുപയോഗം, അടിമകളാക്കുന്ന അല്‍ഗോരിതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ലോകത്താകമാനം പല സർക്കാരുകളെയും കർശനമായ നിയന്ത്രണങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ പ്രായം അടിസ്ഥാനമാക്കിയുള്ള നിരോധനത്തെക്കുറിച്ച് പോലും ആലോചിക്കുന്നു.
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് 15 വയസ്സ് എന്ന കർശനമായ കുറഞ്ഞ പ്രായപരിധി ഡെന്മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമതിയോടെ ഉപയോഗിക്കാമെന്ന മുൻ നിർദ്ദേശങ്ങളില്‍ നിന്ന് മാറി, 15 വയസ്സില്‍ താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്കായി സമ്പൂർണ നിരോധനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മെറ്റെ ഫ്രെഡറിക്‌സന്റെ സർക്കാർ. കുട്ടികള്‍ ഈ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ മറികടക്കാതിരിക്കാൻ നൂതനമായ പ്രായപരിശോധന സാങ്കേതികവിദ്യയാണ് (age-verification technology) സർക്കാർ ഉപയോഗിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് 48-കാരിയായ മെറ്റെ ഫ്രെഡെറിക്സണ്‍. നിലവില്‍ ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി തന്റെ മൂന്നാം ഊഴം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. 2019 മുതല്‍ ഈ നോർഡിക് രാജ്യത്തെ നയിക്കുന്ന അവർ സുരക്ഷാ, വിദേശനയ വിഷയങ്ങളിലെ ഉറച്ച നിലപാടുകളിലൂടെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയയാണ്.
2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിനെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ നേതാക്കളില്‍ ഒരാളാണ് മെറ്റെ. മാത്രമല്ല, ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങള്‍ക്കെതിരെയും അവർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
ഗ്രീൻലാൻഡ് തർക്കസമയത്തെ അവരുടെ നേതൃത്വം യൂറോപ്യൻ സഖ്യകക്ഷികള്‍ക്കിടയില്‍ അവരുടെ പദവി ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തില്‍ അവരുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാല്‍ ഇപ്പോള്‍, കുട്ടികളെയും സോഷ്യല്‍ മീഡിയയെയും കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളാണ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
അവരുടെ താരതമ്യത്തോട് ആളുകള്‍ യോജിച്ചാലും ഇല്ലെങ്കിലും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് യുവാക്കളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ചും കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിനായി സർക്കാരുകള്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും ഒരു വലിയ ചർച്ചയ്ക്കാണ് മെറ്റെയുടെ വാക്കുകള്‍ വീണ്ടും തുടക്കമിട്ടിരിക്കുന്നത്.

