കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പാളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന(24) യെയാണ് ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
ഗാർഹിക പീഡനത്തെ തുടർന്നാണ് സെറീന ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭർതൃവീട്ടില്‍ നിന്ന് മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി സെറീന പലതവണ പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
നാല് വർഷം മുൻപായിരുന്നു സെറീനയുടെ വിവാഹം. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം ആതൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സെറീനയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

