കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടികളിലേക്ക് നീങ്ങി കുവൈത്ത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കുവൈത്ത്, ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായി സൂചന നല്‍കി. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്നും സർക്കാർ നിർദേശം നല്‍കി.
കുവൈത്തിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) അംഗരാജ്യങ്ങളും കുവൈത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ സ്ഥിരതയെ തകർക്കുന്ന നടപടികളാണിതെന്നും ഇത്തരം ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും ജിസിസി വ്യക്തമാക്കി.
ഇതിനിടെ അമേരിക്ക-ഇറാൻ സംഘർഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്ക ഗള്‍ഫ് മേഖലയിലാകെ ഉയരുകയാണ്. അമേരിക്കയ്ക്ക് നേരെയുണ്ടായ ഏറ്റുമുട്ടലുകളുടെ തുടർച്ചയായി ഇറാൻ നടത്തിയ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നാശനഷ്ടമുണ്ടായതായും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ബഹറൈനും ആക്രമണ ഭീഷണിയുടെ നിഴലിലാണെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, ഇറാന്റെ എണ്ണക്കപ്പലിനും ഖഷം ദ്വീപിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിനും നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളാണ് പുതിയ തിരിച്ചടികള്‍ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ബഹറൈനിലെ അമേരിക്കൻ അഞ്ചാം കപ്പല്‍പ്പടയെയും കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് അവകാശവാദം.
കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനല്‍-1 ന് കേടുപാടുകള്‍ സംഭവിച്ചതായും ചില വിമാന സർവീസുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന നിരവധി വിമാനങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇതോടെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതത്തിനും തിരിച്ചടി നേരിടുകയാണ്.

