കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളില്‍ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മില്‍ വെടിനിർത്തല്‍ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാൻ ആക്രമിച്ചത്. വൻതോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനെതിരായ അമേരിക്കൻ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ അമേരിക്കൻ താവളങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി. അമേരിക്കൻ സൈനിക നടപടികള്‍ക്ക് ശക്തമായ മറുപടിയാണ് ആക്രമണമെന്നും ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് കുവൈറ്റിലെയും സമീപ ഗള്‍ഫ് രാജ്യങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വ്യോമഗതാഗതത്തെയും മേഖലയിലെ സാധാരണ ജീവിതത്തെയും സംഭവവികാസങ്ങള്‍ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

