കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിനിടെ കുവൈത്തിന് നേരെയും ആക്രമണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഏത് ഭീഷണിക്കും ഉചിതമായ മറുപടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി.
ഇറാൻ നടത്തിയ ആക്രമണത്തിലാണ് കുവൈത്ത് വിമാനത്താവളത്തിനും നയതന്ത്ര മിഷൻ ഓഫീസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചത്. ഏറ്റവും പുതിയ ആക്രമണത്തില്‍ ടി1 യാത്രാ ടെർമിനലിന് നാശനഷ്ടമുണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബി അറിയിച്ചു.
ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കുകയും നിരവധി വിമാനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സും തങ്ങളുടെ സർവീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരുന്നു. എന്നാല്‍ സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം വിമാനത്താവള പ്രവർത്തനങ്ങള്‍ പിന്നീട് പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ സമഗ്ര നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി പുതുക്കിപ്പണിത സൗകര്യങ്ങള്‍ തുറന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗത മേഖലയിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്.
ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും "ചുവപ്പ് രേഖ" ആണെന്നും ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, മേഖലയില്‍ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനയാണെന്നും പ്രാദേശിക സ്ഥിരത സംരക്ഷിക്കാൻ കൂട്ടായ നീക്കങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

