കുവൈത്ത് സിറ്റി: പശ്ചിമേഷ്യയില്‍ സംഘർഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ കുവൈത്തിലും ബഹ്റൈനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ ഡ്രോണ്‍-മിസൈല്‍ ആക്രമണം നടത്തി.
കുവൈത്ത്, ബഹ്റൈൻ എന്നിവയ്ക്കൊപ്പം ഖത്തറിനും ആക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
കുവൈത്തിലെ പ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങളായ ആരിഫ്ജാൻ, അലി അല്‍ സലേം താവളങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഈ കേന്ദ്രങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്താൻ കഴിഞ്ഞതായി ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ അമേരിക്ക ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇറാനിലെ 90 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി യു.എസ്. സെൻട്രല്‍ കമാൻഡ് അറിയിച്ചു. ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തതോടൊപ്പം ചാബഹാർ, ബുഷെഹർ, ഖുഷേം മേഖലകളിലും അമേരിക്ക ആക്രമണം നടത്തി. ഡ്രോണ്‍ കേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങളായതെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നടപടികള്‍ വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ അതിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.
അതേസമയം, അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള പരമാധികാരം തങ്ങള്‍ക്കാണെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക ആക്രമണം തുടർന്നാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുന്നറിയിപ്പ് നല്‍കി.

