ലേ: യുദ്ധക്കെടുതിയില്‍ വലയുന്ന ഇറാനിലെ ജനതയ്ക്ക് കൈത്താങ്ങാകാൻ ലഡാക്കിലെ ഗ്രാമീണർ നടത്തിയ ലേലത്തില്‍ വിറ്റുപോയത് ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍.
സാധാരണക്കാരനായ ഒരാള്‍ ഒരു ആപ്പിളിനായി നല്‍കിയത് 1.05 ലക്ഷം രൂപയാണ്. കാർഗിലിലെ കക്‌സർ ഗ്രാമത്തില്‍ നടന്ന ഈ ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 6,000 രൂപയ്ക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധബാധിതരെ സഹായിക്കാനായി ലഡാക്കിലെ ജനങ്ങള്‍ ഒന്നടങ്കം കൈകോർത്തപ്പോള്‍ അത് ചരിത്രപരമായ ഒരു ധനസമാഹരണമായി മാറി.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ ജനങ്ങള്‍ക്ക് സഹായമായി ധനം ശേഖരിക്കാനാണ് ലേലം നടത്തിയത്. കാർഗിലിലെ കക്‌സർ ഗ്രാമത്തിലാണ് നടന്ന ലേലത്തിലാണ് ആപ്പിളിന് 1.05 ലക്ഷം രൂപ ലഭിച്ചത്. 10 രൂപയില്‍ തുടങ്ങിയ ലേലം മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷം കടക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീ ലേലം സംഘാടകർക്ക് മൂന്ന് കോഴികളെ ധനസമാഹരണത്തിനായി നല്‍കിയിരുന്നു. ഇതില്‍ ഒരു കോഴിയിട്ട ഒരു മുട്ട പ്രത്യേകമായി ലേലം ചെയ്തു. നൂറ് രൂപയില്‍ ആരംഭിച്ച ലേലം 6,000 രൂപയിലാണ് അവസാനിച്ചത്. ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് 2,500 രൂപയ്ക്കും വിറ്റുപോയി.
സാധാരണക്കാരായ ഗ്രാമീണരാണ് ഈ ലേലത്തില്‍ പങ്കെടുത്തത്. പരമാവധി സഹായം നല്‍കാൻ ലേലത്തില്‍ പങ്കെടുത്തവർ ശ്രമിച്ചതാണ് ഉയർന്ന തുകയ്ക്ക് സാധനങ്ങള്‍ വിറ്റുപോകാൻ കാരണം. ലേലത്തിന് പുറമെ പ്രാദേശികമായി നിർമ്മിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിറ്റഴിച്ചും ധനശേഖരണം നടത്തി. കാർഗിലിലെ മത-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടന്നത്. ലഡാക്കിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂർവ്വമായ പ്രവർത്തനമായി ഈ ധനസമാഹരണ യജ്ഞം മാറി.

