Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലൈംഗികാതിക്രമ ഇരകളെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റ് നിര്‍ബന്ധം; വിദഗ്ധസമിതി ശുപാര്‍ശ തള്ളി സര്‍ക്കാര്‍

ലൈംഗികാതിക്രമ ഇരകളെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റ് നിര്‍ബന്ധം; വിദഗ്ധസമിതി ശുപാര്‍ശ തള്ളി സര്‍ക്കാര്‍

Media Mangalam 1 week ago

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ മെഡിക്കോ-ലീഗല്‍ പരിശോധന വനിതാ ഗൈനക്കോളജിസ്റ്റ് തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ച്‌ സർക്കാർ.

വനിതാ ഡോക്ടർ നടത്തിയ പരിശോധന മതിയെന്നും ആവശ്യമെങ്കില്‍ മാത്രം ഗൈനക്കോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷൻ തേടാമെന്നുമുള്ള ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചില്ല.

ഈ നിർദേശത്തിനെതിരെ ഗൈനക്കോളജിസ്റ്റുകള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ സമർപ്പിച്ച ഹർജിയില്‍, ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത ഏതൊരു മെഡിക്കല്‍ പ്രാക്ടീഷണർക്കും ലൈംഗികാതിക്രമത്തിനിരയായവരെ പരിശോധിക്കാമെന്നും, ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാക്കുന്നത് അനാവശ്യ ജോലിഭാരത്തിനും ദേശീയ-അന്തർദേശീയ മാർഗനിർദേശങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യമുണ്ടാക്കുമെന്നും വാദിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

സമിതി നല്‍കിയ റിപ്പോർട്ടില്‍ എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും വനിതാ മെഡിക്കല്‍ ഓഫീസറെ നിയമിക്കണമെന്നും, ഡ്യൂട്ടിയിലുള്ളത് പുരുഷ ഡോക്ടറാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ വനിതാ ഡോക്ടറെ പരിശോധനയ്ക്കായി ഏർപ്പെടുത്തണമെന്നും ശുപാർശ ചെയ്തിരുന്നു. ലൈംഗികാതിക്രമക്കേസുകളിലെ മെഡിക്കോ-ലീഗല്‍ പരിശോധന, ഫൊറൻസിക് തെളിവ് ശേഖരണം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ വനിതാ ഡോക്ടർമാർക്കും നിർബന്ധിത പരിശീലനം നല്‍കണമെന്നും, പരിശോധനയ്ക്ക് ശേഷം ആവശ്യമായ സാഹചര്യങ്ങളില്‍ മാത്രം ഗൈനക്കോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷൻ മതിയെന്നുമായിരുന്നു നിർദേശം.

എന്നാല്‍ ഈ ശുപാർശകള്‍ തള്ളിയ സർക്കാർ, ലൈംഗികാതിക്രമ കേസുകളില്‍ ഫൊറൻസിക് തെളിവുകള്‍ കൃത്യമായി ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത് നീതി ഉറപ്പാക്കാൻ നിർണായകമാണെന്ന് വ്യക്തമാക്കി. വനിതാ ഗൈനക്കോളജിസ്റ്റിന്റെ പരിശോധന മെഡിക്കോ-ലീഗല്‍ തെളിവുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും, കേസുകളില്‍ നീതി നിഷേധിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam