Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ്‌ അടുത്തിരിക്കെ ബ്രസീലിന് വൻ തിരിച്ചടിയായി നെയ്മറിന്റെ പരിക്ക്; രണ്ടാഴ്ചയോളം വിശ്രമം, ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

ലോകകപ്പ്‌ അടുത്തിരിക്കെ ബ്രസീലിന് വൻ തിരിച്ചടിയായി നെയ്മറിന്റെ പരിക്ക്; രണ്ടാഴ്ചയോളം വിശ്രമം, ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

Media Mangalam 1 week ago

ബ്രസീലിയ: ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങള്‍ ശേഷിക്കേ ബ്രസീലിന് വൻ തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്.

ഇതുകാരണം ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ അദ്ദേഹം കളിക്കുന്ന കാര്യം ചോദ്യചിഹ്നം ആയിരിക്കുകയാണ്. കാലിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് വെല്ലുവിളിയാകുന്നത്. ബ്രസീല്‍ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ നല്‍കുന്ന വിവരമനുസരിച്ച്‌, പരിക്ക് കാരണം നെയ്മർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

എംആർഐ സ്‌കാനിലൂടെ നെയ്മറിന് 'ഗ്രേഡ് ടു' മസില്‍ ഇഞ്ചുറി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്ക് ഭേദമാകാൻ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതോടെ പാനമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ നെയ്മറിന് തീർച്ചയായും നഷ്ടമാകും. ജൂണ്‍ 13-ന് നടക്കാനിരിക്കുന്ന മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ നെയ്മറിന് കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. 34 വയസുകാരനായ ഈ താരം നിലവില്‍ ഡോക്ടർമാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ്.

വൈദ്യപരിശോധനക്ക് വേണ്ടി നെയ്മർ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തിട്ടില്ല. പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് മൂന്ന് പരിശീലന സെഷനുകളാണുള്ളത്.

ഒരു വർഷമായി ബ്രസീലിയൻ ടീമില്‍ ഇടം നേടാൻ സാധിക്കാതെ പോയ നെയ്മറെ കഴിഞ്ഞ ആഴ്ചയാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമില്‍ ഉള്‍പ്പെടുത്തിയത്. നെയ്മറുടെ തിരിച്ചുവരവ് ആരാധകർക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ചോദ്യചിഹ്നമായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam