Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോങ് ജംപില്‍ ആൻസി സോജന് സ്വര്‍ണം; ഫെഡറേഷൻ കപ്പില്‍ മലയാളി തിളക്കം

ലോങ് ജംപില്‍ ആൻസി സോജന് സ്വര്‍ണം; ഫെഡറേഷൻ കപ്പില്‍ മലയാളി തിളക്കം

Media Mangalam 2 days ago

റാഞ്ചി: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സില്‍ മലയാളി താരം ആൻസി സോജൻ ലോങ് ജംപില്‍ സ്വർണം സ്വന്തമാക്കി. കഴിഞ്ഞ വർഷം കൊച്ചിയില്‍ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിച്ച ആൻസി, 6.75 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി.

6.58 മീറ്റർ മാത്രം ചാടാനായ ഉത്തർപ്രദേശിന്റെ ശൈലി സിങ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ സീസണില്‍ 6.46 മീറ്റർ ചാടിയ ആൻസി വെള്ളിമെഡലില്‍ ഒതുങ്ങിയിരുന്നെങ്കിലും, ഇത്തവണ തന്റെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തു. 2024-ല്‍ ബെംഗളൂരുവില്‍ കുറിച്ച 6.71 മീറ്റർ എന്ന വ്യക്തിഗത നേട്ടവും ശൈലി സിങ് സ്ഥാപിച്ചിരുന്ന 6.64 മീറ്റർ മീറ്റ് റെക്കോഡും ആൻസി മറികടന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാർക്കായ 6.84 മീറ്റർ പിന്നിടാൻ സാധിച്ചില്ല.

തൃശ്ശൂർ നാട്ടിക സ്വദേശിയായ ആൻസി, സോജന്റെയും ജാൻസിയുടെയും മകളാണ്. അനൂപ് ജോസഫിന്റെ പരിശീലനത്തിലാണ് താരം മുന്നേറുന്നത്. 2022 ഏഷ്യൻ ഗെയിംസിലും 2024 ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും വെള്ളിമെഡല്‍ നേടിയ താരമാണ് ആൻസി.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ മറ്റൊരു മലയാളി താരമായ കൃഷ്ണ ജയശങ്കർ വെങ്കല മെഡല്‍ നേടി. 55 മീറ്റർ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നിലായി 57.29 മീറ്റർ എറിഞ്ഞ ജെ.എസ്.ഡബ്ല്യുവിന്റെ സീമ സ്വർണം സ്വന്തമാക്കി. മുൻ ഇന്ത്യൻ ബാസ്‌കറ്റ്‌ബോള്‍ താരം സി. ജയശങ്കർ മേനോന്റെയും മുൻ ദേശീയ നായിക പ്രസന്നയുടെയും മകളായ കൃഷ്ണ ഇനി ഷോട്ട്പുട്ടിലും മത്സരിക്കും.

അതേസമയം പുരുഷന്മാരുടെ 100 മീറ്ററില്‍ ദേശീയ റെക്കോഡിനായുള്ള പോരാട്ടം ശ്രദ്ധേയമായി. നിലവിലെ റെക്കോഡ് ഉടമയായ ഒഡിഷയുടെ അനിമേഷ് കുജൂറിന്റെ 10.18 സെക്കൻഡ് നേട്ടം ആദ്യം സെമിഫൈനലില്‍ പഞ്ചാബിന്റെ ഗുരിന്ദർവീർ സിങ് 10.17 സെക്കൻഡില്‍ മറികടന്നു. എന്നാല്‍ തൊട്ടടുത്ത സെമിഫൈനലില്‍ 10.15 സെക്കൻഡ് സമയം കുറിച്ച്‌ അനിമേഷ് റെക്കോഡ് തിരിച്ചുപിടിച്ച്‌ തന്റെ ആധിപത്യം വീണ്ടും തെളിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam