മൂത്ത മകള്‍ ഐശ്വര്യ അർജുനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീർത്തികരമായ പരാമർശങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുമായി നടൻ അർജുൻ സർജ.
മകളുടെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അതിരുകടന്നതോടെയാണ് ഒരു അച്ഛനെന്ന നിലയില്‍ പരസ്യമായി പ്രതികരിക്കാൻ നിർബന്ധിതനായതെന്ന് താരം വ്യക്തമാക്കി. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അർജുൻ അറിയിച്ചു.
ഇളയ മകള്‍ അഞ്ജനയുടെ വിവാഹത്തിന് പിന്നാലെയാണ് ഐശ്വര്യയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായത്. ഐശ്വര്യയുടെ ഭർത്താവ് ഉമാപതി വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. അർജുന്റെ കുടുംബചിത്രങ്ങളിലും ഉമാപതിയെ കാണാതിരുന്നതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഐശ്വര്യയുടെ മദ്യപാനമാണ് വിവാഹബന്ധം തകരാൻ കാരണമെന്ന ആരോപണങ്ങളും ചില യൂട്യൂബ് ചാനലുകളില്‍ ഉയർന്നിരുന്നു.
ഇത്തരം പ്രചാരണങ്ങളോടാണ് അർജുൻ ഇപ്പോള്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. മകളുടെ സ്വകാര്യതയെ മാനിച്ചാണ് നേരത്തെ മൗനം പാലിച്ചതെന്നും സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കേണ്ടത് അവള് തന്നെയാണെന്നുമാണ് താരത്തിന്റെ നിലപാട്. എന്നാല്‍ തെളിവുകളില്ലാതെ മകളുടെ സ്വഭാവത്തെയും വ്യക്തിജീവിതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജീവിതത്തിലുള്ളവരെക്കുറിച്ച് നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ പേരില്‍ വ്യക്തിഹത്യ നടത്താൻ ആർക്കും അവകാശമില്ലെന്ന് അർജുൻ പറഞ്ഞു. ഒരു സ്ത്രീയെ തെളിവുകളില്ലാതെ മദ്യപാനിയെന്ന് മുദ്രകുത്തുന്നതുള്പ്പെടെയുള്ള പരാമർശങ്ങള്‍ നിരുത്തരവാദപരമാണ്. ഇതിനെതിരെ മൗനം പാലിക്കുന്നത് ആരോപണങ്ങള്‍ ശരിയാണെന്ന ധാരണ സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തനത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ വാർത്തകള്‍ക്ക് പ്രചാരം നേടുന്നതിനായി ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരാശാജനകമാണെന്നും അർജുൻ പ്രതികരിച്ചു. ഇത് തന്റെ മകളുടെ മാത്രം പ്രശ്നമല്ലെന്നും വ്യക്തിജീവിതവും തീരുമാനങ്ങളും പരസ്യവിചാരണയ്ക്ക് വിധേയമാക്കപ്പെടുന്ന എല്ലാ സ്ത്രീകളുടെയും പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മകളുടെ ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിന് താൻ എന്നും പിന്തുണ നല്‍കുമെന്നും അർജുൻ വ്യക്തമാക്കി. വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങള്‍ തുടരുകയോ അവ പങ്കുവയ്ക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി. അഞ്ജനയുടെ വിവാഹത്തിന് ആശംസകള്‍ അറിയിച്ചവർക്കും കുടുംബത്തിന് പിന്തുണ നല്കിയവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരം തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യ അർജുനും നടൻ ഉമാപതിയും 2024ല്‍ വിവാഹിതരായത്. നടൻ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. 2013ല്‍ പുറത്തിറങ്ങിയ 'പട്ടത്ത് യാനൈ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാരംഗത്തെത്തിയത്. അർജുൻ സംവിധാനം ചെയ്ത 'പ്രേമ ബരാഹ'യിലും ഐശ്വര്യയായിരുന്നു നായിക. 'മഗജനങ്ങളെ' എന്ന ചിത്രത്തിലൂടെയാണ് ഉമാപതി അഭിനയരംഗത്തേക്ക് എത്തിയത്. 'മണിയാർ കുടുംബം', 'തിരുമണം', 'തന്നെ വണ്ടി' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അർജുൻ സർജയുടെയും നിവേദിതയുടെയും മൂത്ത മകളാണ് ഐശ്വര്യ. ഇളയ മകള്‍ അഞ്ജനയുടെ വിവാഹം കഴിഞ്ഞ ഒക്ടോബറില്‍ വിദേശത്തുവച്ചായിരുന്നു നടന്നത്.

