Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളികളുടെ പ്രിയ 'ഗുരുവായൂരപ്പൻ' ഇനി കുടുംബജീവിതത്തിലേക്ക്; അമ്പതാം വയസില്‍ വിവാഹിതനായി അരവിന്ദ് ആകാശ്

മലയാളികളുടെ പ്രിയ 'ഗുരുവായൂരപ്പൻ' ഇനി കുടുംബജീവിതത്തിലേക്ക്; അമ്പതാം വയസില്‍ വിവാഹിതനായി അരവിന്ദ് ആകാശ്

Media Mangalam 3 months ago

മലയാളികളുടെ മനസ്സില്‍ 'നന്ദനം' സിനിമയിലെ ഗുരുവായൂരപ്പന്റെ രൂപമായി ഇന്നും നിറഞ്ഞുനില്‍ക്കുന്ന നടൻ അരവിന്ദ് ആകാശ് ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നു.

അമ്പതാം വയസില്‍ വിവാഹിതനായ താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സിനിമയ്ക്കു പുറത്തുള്ള സ്വകാര്യ ജീവിതം പൊതുവേദികളില്‍ അധികം പങ്കുവെക്കാത്ത അരവിന്ദിന്റെ വിവാഹവാർത്ത ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിച്ചു.

സാറയാണ് അരവിന്ദിന്റെ ജീവിതപങ്കാളി. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ ചുരുക്കം ചില സഹപ്രവർത്തകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ആശംസാപ്രവാഹമാണ്. പർപ്പിള്‍ നിറത്തിലുള്ള ലളിതമായ കുർത്തയിലായിരുന്നു അരവിന്ദ് ചടങ്ങില്‍ എത്തിയത്. പർപ്പിള്‍ പട്ട് സാരിയും മിനിമല്‍ ആഭരണങ്ങളുമണിഞ്ഞ് സാറയും ശ്രദ്ധ നേടി. "പ്രണയത്തിന് പ്രായമില്ല", "ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും" എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. അരവിന്ദ് ഇതുവരെ വിവാഹിതനാണെന്നാണ് പലരും കരുതിയിരുന്നതെന്നും വിവാഹവാർത്ത അറിഞ്ഞപ്പോള്‍ ശരിക്കും അമ്പരന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിലെ നിരവധി കമന്റുകള്‍. ഏറെക്കാലം ബാച്ച്‌ലറായി തുടരുകയായിരുന്ന താരം ഒടുവില്‍ ജീവിതപങ്കാളിയെ കണ്ടെത്തിയ സന്തോഷവും ആരാധകർ പങ്കുവെക്കുന്നു.

ഡല്‍ഹിയില്‍ ജനിച്ച എസ്. അരവിന്ദർ സിങ്ങാണ് പിന്നീട് അരവിന്ദ് ആകാശ് എന്ന പേരില്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയത്. പഞ്ചാബിലെ ജലന്ധറാണ് കുടുംബവേരുകള്‍. പിന്നീട് കുടുംബം ചെന്നൈയിലേക്ക് താമസം മാറി. തമിഴ് സിനിമകളിലെ നർത്തകിയായിരുന്ന അമ്മയില്‍ നിന്നാണ് നൃത്തത്തോടുള്ള താല്‍പര്യം വളർന്നത്. ചരിത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ചെന്നൈയിലെ അക്കാദമി ഓഫ് മോഡേണ്‍ ഡാൻസില്‍ നിന്ന് നൃത്തപരിശീലനവും നേടി. ഡാൻസറായും ടെലിവിഷൻ താരമായും ശ്രദ്ധ നേടിയ ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്.

2002-ല്‍ പുറത്തിറങ്ങിയ 'നന്ദനം' സിനിമയിലെ ശ്രീകൃഷ്ണ വേഷമാണ് അരവിന്ദിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. അതിഥി വേഷമായിരുന്നിട്ടും ചിത്രത്തിലെ നായകനെപ്പോലും മറികടക്കുന്ന സ്വീകാര്യതയാണ് ആ കഥാപാത്രത്തിന് ലഭിച്ചത്. ഇന്നും മലയാളികള്‍ക്ക് ശ്രീകൃഷ്ണന്റെ മുഖമെന്നാല്‍ ആദ്യം ഓർമ വരുന്നത് അരവിന്ദ് ആകാശിനെയാണ്.

തുടർന്ന് 'പ്രജാപതി', 'നന്മ', 'പോസിറ്റീവ്', 'മുല്ലവള്ളിയും തേന്മാവും', 'ഗുരുവായൂർ അമ്പലനടയില്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. റിയാലിറ്റി ഷോകളില്‍ ജഡ്ജായും അവതാരകനായും സാന്നിധ്യമറിയിച്ച അരവിന്ദ് ഇന്നും നൃത്തപരിപാടികളില്‍ സജീവമാണ്.

രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായിട്ടും വിവാദങ്ങളില്‍ നിന്ന് അകന്ന് വ്യക്തിപരമായ ജീവിതം സ്വകാര്യമായി സൂക്ഷിച്ച നടനെന്ന വിശേഷണവും അരവിന്ദിനുണ്ട്. ഇപ്പോള്‍ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന അരവിന്ദ് ആകാശിനും സാറയ്ക്കും സിനിമാലോകത്തുനിന്നും ആരാധകരില്‍ നിന്നുമായി ഹൃദയം നിറഞ്ഞ ആശംസകളാണ് ഒഴുകിയെത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam