Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ വി.ഡി സതീശന് കൊച്ചിയുടെ ആദരം; പറവൂരില്‍ മോഹൻലാലും പങ്കെടുക്കും

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ വി.ഡി സതീശന് കൊച്ചിയുടെ ആദരം; പറവൂരില്‍ മോഹൻലാലും പങ്കെടുക്കും

Media Mangalam 16 hrs ago

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിമാർക്കും എം.എല്‍.എമാർക്കും കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണം.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയത് ശ്രദ്ധേയമായി. നടൻ കുഞ്ചാക്കോ ബോബനും ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി സതീശനെ പൊന്നാട അണിയിച്ച്‌ ആദരിച്ച മമ്മൂട്ടി, മികച്ച നേതൃത്വം നല്‍കാൻ അദ്ദേഹത്തിന് ആശംസകള്‍ നേർന്നു. താൻ പഠിച്ച കോളജില്‍ തന്നെയാണ് സതീശനും പഠിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സിനിമയില്‍ കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തില്‍ മുഖ്യമന്ത്രിയാകുന്നത് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും നിറഞ്ഞ ദൗത്യമാണെന്ന് പറഞ്ഞു. എല്ലാവരെയും ഒരുമിച്ച്‌ നയിക്കേണ്ട വലിയ ചുമതലയാണ് സതീശന്റെ ചുമലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോണ്‍, അബ്ദുല്‍ ഗഫൂർ, അനൂപ് ജേക്കബ്, എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമാതോമസ്, മാത്യു കുഴല്‍നാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്ക് സ്വീകരണം നല്‍കും. ജില്ലയില്‍ നിന്നുള്ള ആറന്മുള എം.എല്‍.എ. അബിൻ വർക്കി, പാലക്കാട് എം.എല്‍.എ. രമേഷ് പിഷാരടി എന്നിവർക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖർ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലമായ പറവൂരില്‍ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കുന്നുണ്ട്. നടൻ മോഹൻലാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. സമൂഹം ഹൈസ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കുന്നത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലിയുടെ ആദരം നടൻ മോഹൻലാല്‍ സമർപ്പിക്കും. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും ചടങ്ങില്‍ പങ്കെടുക്കും.

2,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്. വേദിക്ക് 60 അടി നീളവും 40 അടി വീതിയുമുണ്ട്. നേരത്തേ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 300 പേർക്ക് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം നല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam