കീബോർഡില്‍ ടൈപ്പ് ചെയ്യുകയോ വായ് തുറന്ന് സംസാരിക്കുകയോ വേണ്ട, മനസ്സില്‍ ചിന്തിച്ചാല്‍ അത് നേരിട്ട് കമ്പ്യൂട്ടർ സ്ക്രീനില്‍ അക്ഷരങ്ങളായി തെളിയുന്ന കാലം വിദൂരമല്ലെന്ന് സൂചിപ്പിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ.
ശസ്ത്രക്രിയയോ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കലോ ഇല്ലാതെ ചിന്തകളെ വാചകങ്ങളാക്കി മാറ്റാൻ കഴിയുന്ന 'ബ്രെയിൻ2ക്വർട്ടി വി2' (Brain2Qwerty v2) എന്ന പുതിയ എഐ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ബ്രെയിൻ2ക്വർട്ടി വി2
തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ ശസ്ത്രക്രിയയില്ലാതെ ശേഖരിച്ച് തത്സമയം വാക്യങ്ങളാക്കി മാറ്റാൻ കഴിയുന്ന എഐ സംവിധാനമാണ് ബ്രെയിൻ2ക്വർട്ടി വി2. 2025-ല്‍ അവതരിപ്പിച്ച ബ്രെയിൻ2ക്വർട്ടി വി1-ന്റെ കൂടുതല്‍ മെച്ചപ്പെടുത്തിയ പതിപ്പാണിത്. മുമ്പ് തലച്ചോറില്‍ ഇംപ്ലാന്റ് ഘടിപ്പിച്ചാല്‍ മാത്രമേ ലഭിച്ചിരുന്ന തരത്തിലുള്ള പ്രകടനം, നോണ്‍-ഇൻവേസീവ് രീതിയിലൂടെ നേടാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സംസാരശേഷി നഷ്ടപ്പെട്ടവർക്കും തലച്ചോറിന് ക്ഷതമേറ്റവർക്കും നാഡീരോഗങ്ങള്‍ മൂലം ആശയവിനിമയം നടത്താൻ കഴിയാത്തവർക്കും ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന സാങ്കേതികവിദ്യയാണിതെന്നാണ് ഗവേഷകർ പറയുന്നത്.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതിന് പകരം മാഗ്നെറ്റോഎൻസെഫലോഗ്രാഫി (MEG) എന്ന നോണ്‍-ഇൻവേസീവ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്രെയിൻ2ക്വർട്ടി വി2 പ്രവർത്തിക്കുന്നത്. തലച്ചോറിലെ വൈദ്യുത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാന്തിക സിഗ്നലുകള്‍ രേഖപ്പെടുത്തി അവയെ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുകയാണ് ഇതിന്റെ രീതി.
ഒൻപത് സന്നദ്ധപ്രവർത്തകരില്‍ നിന്ന് ശേഖരിച്ച 22,000-ത്തിലധികം വാക്യങ്ങളാണ് ഈ മോഡലിനെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചത്. ഓരോരുത്തരും ഏകദേശം 10 മണിക്കൂർ MEG ഉപകരണം ധരിച്ച് ടൈപ്പ് ചെയ്ത വിവരങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനമായത്. ശേഖരിച്ച സിഗ്നലുകള്‍ വിശകലനം ചെയ്യാൻ എൻഡ്-ടു-എൻഡ് ഡീപ് ലേണിങ് സംവിധാനവും, കൂടുതല്‍ കൃത്യമായ വാക്യങ്ങള്‍ രൂപപ്പെടുത്താൻ ലാർജ് ലാംഗ്വേജ് മോഡലുകളും (LLMs) ഉപയോഗിച്ചിട്ടുണ്ട്.
കൃത്യതയില്‍ വലിയ മുന്നേറ്റം
നിലവിലുള്ള മറ്റ് നോണ്‍-ഇൻവേസീവ് സംവിധാനങ്ങള്‍ ഏകദേശം എട്ട് ശതമാനം മാത്രം കൃത്യത കൈവരിക്കുമ്പോള്‍ ബ്രെയിൻ2ക്വർട്ടി വി2 ശരാശരി 61 ശതമാനം കൃത്യതയോടെയാണ് വാക്കുകള്‍ തിരിച്ചറിഞ്ഞത്. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയുടെ കാര്യത്തില്‍ കൃത്യത 78 ശതമാനം വരെ എത്തിയെന്നും മെറ്റ വ്യക്തമാക്കുന്നു.
കൂടുതല്‍ ഡാറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതോടെ കൃത്യത ഇനിയും ഉയരുമെന്നും, നിലവിലുള്ള ഇംപ്ലാന്റ് അധിഷ്ഠിത സംവിധാനങ്ങളുമായുള്ള പ്രകടന വ്യത്യാസം കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
ഗവേഷണം എല്ലാവർക്കുമായി തുറന്ന്
ഈ മേഖലയിലെ ഗവേഷണം വേഗത്തിലാക്കുന്നതിനായി ബ്രെയിൻ2ക്വർട്ടി v1, v2 എന്നിവയുടെ പരിശീലന കോഡുകള്‍ മെറ്റ ഓപ്പണ്‍ സോഴ്‌സായി പുറത്തിറക്കുകയാണ്. ഗവേഷണ പങ്കാളികളായ ബേസ്ക് സെന്റർ ഓണ്‍ കോഗ്നിഷൻ, ബ്രെയിൻ ആൻഡ് ലാംഗ്വേജ് (BCBL), ബ്രെയിൻ2ക്വർട്ടി v1 ഡാറ്റാസെറ്റും ഗവേഷകർക്കായി ലഭ്യമാക്കും.
ഡിജിറ്റല്‍ ബ്രെയിൻ പദ്ധതിയുടെ ഭാഗമായാണ് ഈ ഗവേഷണം നടക്കുന്നത്. ഇതോടൊപ്പം ട്രൈബ് വി2 (TribeV2), ന്യൂറല്‍സെറ്റ് (NeuralSet), ന്യൂറല്‍ബെഞ്ച് (NeuralBench) തുടങ്ങിയ പദ്ധതികളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ ന്യൂറോസയൻസ് ഡാറ്റാസെറ്റുകളുടെ വികസനത്തിനായി അഞ്ച് ദശലക്ഷം യുഎസ് ഡോളറിന്റെ ഫണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂറാലിങ്കില്‍ നിന്ന് എങ്ങനെ വ്യത്യസ്തം?
ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ഇലക്‌ട്രോഡുകള്‍ ഘടിപ്പിക്കുന്ന ഇൻവേസീവ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതേസമയം, മെറ്റയുടെ ബ്രെയിൻ2ക്വർട്ടി വി2 പുറമേനിന്നുള്ള MEG ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തലച്ചോറിലെ സിഗ്നലുകള്‍ ശേഖരിക്കുന്നത്. അതിനാല്‍ ശസ്ത്രക്രിയയുടെ അപകടസാധ്യത ഒഴിവാക്കാൻ ഈ രീതിക്ക് കഴിയും.
മറ്റൊരു പ്രധാന വ്യത്യാസം മെറ്റ ഗവേഷണ വിവരങ്ങളും കോഡുകളും ഡാറ്റാസെറ്റുകളും പൊതുജനങ്ങള്‍ക്കും ഗവേഷകർക്കുമായി തുറന്നുനല്‍കുന്നുവെന്നതാണ്. ഇതിലൂടെ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഈ മേഖലയിലെ പഠനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ഭാവിയില്‍ ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിച്ചാല്‍ സാധാരണ ഹെഡ്സെറ്റുകള്‍ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ തന്നെ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയും മെറ്റ പങ്കുവയ്ക്കുന്നു.
മനുഷ്യന്റെ ചിന്തകളെ നേരിട്ട് ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിക്കുന്ന ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ബ്രെയിൻ2ക്വർട്ടി വി2 നെ സാങ്കേതിക ലോകം വിലയിരുത്തുന്നത്. ഗവേഷണഘട്ടത്തിലാണെങ്കിലും ആശയവിനിമയ ശേഷി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലായി ഇത് മാറുമെന്ന പ്രതീക്ഷ ശക്തമാണ്.

