ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റല്‍ മൂല്യനിർണ്ണയത്തില്‍ (OSM) കോടികളുടെ അഴിമതി നടന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രൊഫഷണല്‍ സ്കാനറുകള്‍ക്ക് പകരം സാധാരണ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിജിറ്റല്‍ മൂല്യനിർണ്ണയത്തിലെ വീഴ്ചകള്‍ കാരണം ദുരിതത്തിലായ വിദ്യാർത്ഥികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. മാമ്പഴത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി, 18.5 ലക്ഷം കുട്ടികളുടെ ആശങ്കകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. മൻ കി ബാത്തില്‍ പ്രധാനമന്ത്രി മാമ്പഴത്തെ കുറിച്ച് പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ടെൻഡർ നടപടികളിലെ പ്രധാന സാങ്കേതിക നിബന്ധനകളില്‍ ഇളവ് വരുത്തിക്കൊണ്ട് സ്വകാര്യ കമ്പനിക്ക് കരാർ നല്‍കിയെന്നും ഇവരാണ് ഉത്തര കടലാസുകള്‍ സ്കാൻ ചെയ്യാൻ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ ആരോപിച്ചു. 2025 മേയിലെ സിബിഎസ്‌ഇ ടെൻഡർ പ്രകാരം കുറഞ്ഞത് 300 ഡിപിഐ റെസല്യൂഷനില്‍, ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകള്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വീണ്ടും പുറത്തിറക്കിയ ടെൻഡറില്‍ ഈ നിബന്ധനകളെല്ലാം സിബിഎസ്‌ഇ ഒഴിവാക്കുകയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക കമ്പനിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് ബോർഡ് ടെൻഡർ നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്നും ഇതോടെ ഈ അഴിമതിയില്‍ സിബിഎസ്‌ഇയും പങ്കാളിയായി മാറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്കാനറുകളുടെ ഗുണനിലവാരവും റെസല്യൂഷനും 200 ഡിപിഐ ആയി കുറച്ചതിന്റെ അനന്തരഫലമാണ് മങ്ങിയ കോപ്പികളും വിട്ടുപോയ പേജുകളുമെന്നും ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ച് പന്താടിയ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
നിസാർഗ അധികാരി എന്ന 19 വയസ്സുകാരനായ എത്തിക്കല്‍ ഹാക്കർ ഒഎസ്‌എം പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ സ്ക്രീൻ ഷോട്ടുകള്‍ സഹിതം പുറത്തു വിട്ടതോടെയാണ് വിവാദം ശക്തമായത്. ഇന്‍റർനെറ്റിലുള്ള ആർക്കും ഈ പോർട്ടലില്‍ കയറി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേഗതയും സുതാര്യതയും വർദ്ധിപ്പിക്കാൻ സിബിഎസ്‌ഇ കൊണ്ടുവന്ന ഡിജിറ്റല്‍ സംവിധാനം ഇപ്പോള്‍ വലിയൊരു വിശ്വാസ്യതാ പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മങ്ങിയ സ്കാനുകള്‍, മൂല്യനിർണ്ണയം നടത്താത്ത പേജുകള്‍, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് എന്നിവ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ 88.39 ശതമാനത്തില്‍ നിന്ന് ഇത്തവണ പന്ത്രണ്ടാം ക്ലാസിലെ വിജയം 85.2 ശതമാനമായി കുറയുകയും ചെയ്തു. ദില്ലിയില്‍ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരാളുടേതാണെന്ന് ബോധ്യപ്പെടുകയും പിന്നീട് സിബിഎസ്‌ഇക്ക് അത് തിരുത്തി നല്‍കേണ്ടി വരികയും ചെയ്തു. റീ-ഇവാലുവേഷൻ പോർട്ടല്‍ തുടർച്ചയായി തകരാറിലായത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൂടുതല്‍ ദുരിതത്തിലാക്കി.

