കേരളീയർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളാണ് തുളസിയും പുതിനയും. രുചിക്ക് മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങള്‍ക്കും പേരുകേട്ട ഈ സസ്യങ്ങള്‍ ഇനി മണ്ണില്ലാതെയും വീട്ടില്‍ വളർത്താം.
ചെറിയൊരു കുപ്പിയോ കണ്ടെയ്നറോ വെള്ളവും മാത്രം ഉപയോഗിച്ച് പുതിനയും തുളസിയും എളുപ്പത്തില്‍ പരിപാലിക്കാനാകും.
വെള്ളത്തില്‍ പുതിന വളർത്തുന്ന വിധം:-
മാർക്കറ്റില്‍ നിന്ന് ലഭിക്കുന്ന പുതിനത്തണ്ടുകള്‍ തന്നെയാണ് നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നത്. അഞ്ചു മുതല്‍ ഏഴ് ഇഞ്ച് വരെ നീളമുള്ള ആരോഗ്യമുള്ള തണ്ട് തിരഞ്ഞെടുക്കുക. തണ്ടിന്റെ താഴ്ഭാഗത്തുള്ള ഇലകള്‍ നീക്കം ചെയ്യണം. ഇലകള്‍ വെള്ളത്തില്‍ മുങ്ങാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
സുതാര്യമായ കുപ്പിയോ ഗ്ലാസ് കണ്ടെയ്നറോ ഉപയോഗിക്കുന്നത് വേരുകളുടെ വളർച്ച നിരീക്ഷിക്കാൻ സഹായിക്കും. മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ വെള്ളം മാറ്റി നല്‍കണം. വേരുകള്‍ ചീഞ്ഞുപോകാതിരിക്കാൻ നേരിട്ട് കനത്ത വെയില്‍ ലഭിക്കാത്ത, പരോക്ഷമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുന്നതാണ് ഉചിതം.
സാധാരണയായി ഒന്നുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ പുതിയ വേരുകള്‍ വളർന്നുതുടങ്ങും. വേരുകള്‍ നന്നായി വളർന്നാല്‍ പുതിന മണ്ണും ജൈവവളവും നിറച്ച ചട്ടികളിലേക്ക് മാറ്റി നടാനും സാധിക്കും.
പുതിനയുടെ ആരോഗ്യഗുണങ്ങള്‍-
പുതിന ദഹനപ്രശ്നങ്ങള്‍ കുറയ്ക്കാനും വായിലെ ദുർഗന്ധം അകറ്റാനും സഹായിക്കുന്നതായി പൊതുവെ ഉപയോഗിക്കപ്പെടുന്നു. ഇതിലെ മെന്തോള്‍ ഘടകം ചുമ ഉള്‍പ്പെടെയുള്ള ശ്വാസകോശ അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കാൻ സഹായിക്കാം.
പുതിനയിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ചില ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കുമെതിരെ പ്രവർത്തിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പെപ്പർമിന്റ് ഓയില്‍ തലവേദന, മൈഗ്രെയ്ൻ എന്നിവയില്‍ ആശ്വാസം നല്‍കാൻ ചിലർ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പുതിന അമിതമായി ഉപയോഗിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകാം.
തുളസിയും വെള്ളത്തില്‍ വളർത്താം:-
പുതിനയെപ്പോലെ തന്നെ തുളസിയും വെള്ളത്തില്‍ വളർത്താം. ഫില്‍ട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. വേരുകള്‍ ശക്തമായ ശേഷം ഓരോ പത്ത് ദിവസത്തിലും വെള്ളത്തില്‍ നേർപ്പിച്ച മണ്ണിര കമ്പോസ്റ്റോ ജൈവ വളമോ ചേർത്തുനല്‍കാം.
വേരുകള്‍ നന്നായി വളർന്നാല്‍ തുളസി മണ്ണും ജൈവവളവും നിറച്ച ചട്ടികളിലേക്ക് മാറ്റി നടാനും സാധിക്കും.
തുളസിയുടെ ഔഷധപ്രാധാന്യം-
നൂറ്റാണ്ടുകളായി ആയുർവേദത്തിലും പരമ്പരാഗത ചികിത്സാരീതികളിലും ഉപയോഗിച്ചുവരുന്ന സസ്യമാണ് തുളസി. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്.
തുളസിയിലയിലെ യൂജെനോള്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ആമാശയത്തിലെ ആസിഡ് നില സന്തുലിതമാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ തുളസി സഹായകമാകാമെന്നും വിലയിരുത്തപ്പെടുന്നു.
തുളസിയുടെ ആന്റി ബാക്ടീരിയല്‍, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ചർമ്മത്തിലെ ചില അണുബാധകള്‍ക്കും മുഖക്കുരുവിനും ആശ്വാസം നല്‍കാൻ സഹായിച്ചേക്കാം.

