മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ഇനി പുതിയ ദിശ തുറക്കുകയാണ്. ഭൂമിയുടെ അതിർത്തികള്‍ കടന്ന് ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും വലിയ പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുന്നോട്ട് വന്നിരിക്കുകയാണ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് വൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള ഈ ദൗത്യം ഭാവിയിലെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ നിർണായക അധ്യായമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി 2030-കളില്‍ ഘട്ടംഘട്ടമായി ആരംഭിക്കുന്ന ഈ മൂണ്‍ ബേസ് പദ്ധതി, ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കുള്ള പ്രധാന പരീക്ഷണകേന്ദ്രമായും പ്രവർത്തിക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയാണ് ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിന് പിന്നില്‍ ശക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ട്. സ്ഥിരമായി സൂര്യപ്രകാശം ലഭിക്കാത്ത ആഴമുള്ള ക്രേറ്ററുകളില്‍ വൻതോതില്‍ ജലഹിമം അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചില പ്രദേശങ്ങളിലെ ഉപരിതല വസ്തുക്കളില്‍ ഏകദേശം 20 ശതമാനം വരെ ഐസിന്റെ സാന്നിധ്യമുണ്ടാകാമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ജലഹിമം ശുദ്ധജലമായി ഉപയോഗിക്കുന്നതിനൊപ്പം, മനുഷ്യർക്ക് ശ്വസിക്കാൻ ആവശ്യമായ ഓക്സിജനും റോക്കറ്റ് ഇന്ധനത്തിനാവശ്യമായ ഹൈഡ്രജനും നിർമ്മിക്കാൻ സഹായകരമാകും. ഇതിലൂടെ ഭൂമിയില്‍ നിന്ന് നിരന്തരം സാധനങ്ങള്‍ എത്തിക്കേണ്ട ആശ്രയത്വം കുറയ്ക്കാനാണ് നാസയുടെ ശ്രമം.
അതേസമയം, ദക്ഷിണ ധ്രുവത്തിലെ ഉയർന്ന മലഞ്ചെരിവുകള്‍ വർഷത്തിലെ ഭൂരിഭാഗം സമയവും സൂര്യപ്രകാശം ലഭിക്കുന്ന മേഖലകളാണ്. അതുകൊണ്ട് തന്നെ സൗരോർജ്ജ ഉത്പാദനത്തിനും ഈ പ്രദേശം ഏറെ അനുയോജ്യമാണെന്ന് നാസ വിലയിരുത്തുന്നു. ശാസ്ത്രീയ പഠനങ്ങള്‍, മനുഷ്യവാസം, വൈദ്യുതി ഉത്പാദനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒരേ സ്ഥലത്ത് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നൂറുകണക്കിന് മൈല്‍ വ്യാപിച്ച രീതിയിലായിരിക്കും ഈ ഭീമൻ മൂണ്‍ ബേസ് രൂപകല്‍പ്പന ചെയ്യപ്പെടുക.
പദ്ധതിയുടെ ഭാഗമായി 'മൂണ്‍ഫോള്‍' എന്ന ചെറു ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശത്തിന്റെ പ്രാഥമിക പരിശോധനകള്‍ നടത്തും. 2028-ല്‍ ഫയർഫ്ലൈ എയറോസ്പേസ് ലാൻഡറിലൂടെ ഇവ ചന്ദ്രനില്‍ എത്തിക്കാനാണ് നാസയുടെ പദ്ധതി. കൂടാതെ, ആസ്ട്രോലാബ്, ലൂണർ ഔട്ട്‌പോസ്റ്റ് എന്നീ സ്വകാര്യ കമ്പനികള്‍ക്ക് മനുഷ്യർ സഞ്ചരിക്കാവുന്ന ലൂണർ റോവറുകള്‍ വികസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറുകളുടെ കരാറുകളും നല്‍കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ ദൗത്യത്തിന്റെ അന്തിമലക്ഷ്യം 2032-ഓടെ ചന്ദ്രനില്‍ അർധസ്ഥിര മനുഷ്യ സാന്നിധ്യം ഉറപ്പാക്കുകയെന്നതാണ്. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദ്യകളും മനുഷ്യജീവിത പിന്തുണ സംവിധാനങ്ങളും പരീക്ഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ മൂണ്‍ ബേസ് മാറുമെന്ന് നാസ പ്രതീക്ഷിക്കുന്നു.
മനുഷ്യൻ ഭൂമിയില്‍ നിന്ന് പുറത്തേക്കുള്ള തന്റെ ഏറ്റവും വലിയ ചുവടുവെയ്പ്പിനൊരുങ്ങുകയാണ്. ഒരുകാലത്ത് സ്വപ്നമായി മാത്രം തോന്നിയിരുന്ന 'ചന്ദ്രനിലെ മനുഷ്യവാസം' ഇനി യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. ചന്ദ്രന്റെ മഞ്ഞുമൂടിയ ദക്ഷിണധ്രുവത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ പുതിയ യാത്ര, മനുഷ്യരാശിയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാനിടയുള്ള ബഹിരാകാശ വിപ്ലവത്തിന്റെ തുടക്കമായേക്കാം.

