റൊസാരിയോ: ഫുട്ബോള്‍ ആരാധകർക്ക് വ്യത്യസ്ത താരങ്ങളോടായിരിക്കും ആരാധന. എന്നാല്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ വാർത്ത താരാരാധനയ്ക്കപ്പുറം എല്ലാ ഫുട്ബോള്‍ ആരാധകരെയും ഞെട്ടിച്ച ഒന്നാണ്.
ആ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് അദ്ദേഹം സൃഷ്‌ടിച്ച വിസ്മയങ്ങള്‍ തന്നെയാണ് അതിന് കാരണം. മെസ്സിയുടെ വിരമിക്കലോടെ അർജന്റീന ടീമിലുണ്ടാക്കാൻ പോകുന്ന വിടവ് വളരെ വലുതാണ്. പരിശീലകൻ സ്‌കലോണിക്കും പുതിയ പദ്ധതി കണ്ടെത്തണം. അതേസമയം മെസ്സിയുടെ പത്താം നമ്പർ കുപ്പായം ഇനിയങ്ങോട്ട് ആരണിയുമെന്ന ചോദ്യമാണ് ആരാധകർക്കിടയില്‍ ഉയരുന്നത്. ഇപ്പോഴിതാ അത് സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവരികയാണ്.
യുവതാരം നിക്കോ പാസ് മെസ്സിക്ക് ശേഷം ആ പത്താം നമ്പർ കുപ്പായം അണിയുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. കോച്ച് സ്‌കലോണി തന്നെ അടുത്ത പത്താം നമ്പറുകാരനായി നിക്കോ പാസിനെ തിരഞ്ഞെടുത്തതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ ക്ലബ്ബ് കോമോയ്ക്കായി കളിക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ നിരീക്ഷകരും.
മെസ്സി വിരമിച്ചതോടെ ദേശീയ ടീമിലെ പത്താം നമ്പറും റിട്ടയർ ചെയ്യാൻ അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഫിഫയുടെ ടൂർണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഇത് സാധ്യമല്ല. ഫിഫയുടെ ചട്ടപ്രകാരം ടൂർണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി നമ്പറുകള്‍ ഒന്ന് മുതല്‍ 26 വരെയുള്ള ക്രമത്തിലായിരിക്കണം. അതിനാല്‍ മെസ്സിക്ക് ശേഷം മറ്റൊരു താരത്തിന് ഈ നമ്പർ കൈമാറിയേ മതിയാകൂ. അർജന്റീനയുടെ ടീമില്‍ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും പരിശീലകൻ നിക്കോ പാസില്‍ വിശ്വാസമർപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം.
മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീനയിലെ ലീഗ് മത്സരങ്ങളില്‍ ഒരുമിനിറ്റ് മത്സരം നിർത്തിവെക്കുമെന്ന് നേരത്തേ അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചിരുന്നു. റഫറിമാർ കളി നിർത്തിവെക്കുന്നതോടൊപ്പം ഒരു മിനിറ്റ് നേരം പൊതുവായി കൈയടി നല്‍കുകയും ചെയ്യുമെന്ന് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചു. വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങളുടെ 10-ാം മിനിറ്റിലാണ് കളി നിർത്തിവെക്കുക. അർജന്റീനയെ പ്രതിനിധീകരിക്കുമ്പോള്‍ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത്.

