Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെറ്റയുടെ 'മ്യൂസ് ഇമേജ്' എത്തി; എഐ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ സൃഷ്ടിക്കാം, എഡിറ്റ് ചെയ്യാം, തിരയാനും ഇനി ഒറ്റ പ്ലാറ്റ്ഫോം

മെറ്റയുടെ 'മ്യൂസ് ഇമേജ്' എത്തി; എഐ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ സൃഷ്ടിക്കാം, എഡിറ്റ് ചെയ്യാം, തിരയാനും ഇനി ഒറ്റ പ്ലാറ്റ്ഫോം

Media Mangalam 1 week ago

നിർമിത ബുദ്ധി രംഗത്തെ മത്സരം കൂടുതല്‍ കടുപ്പിച്ച്‌ മെറ്റയുടെ പുതിയ നീക്കം. കമ്പനി ആദ്യമായി വികസിപ്പിച്ച ഇമേജ് ജനറേഷൻ മോഡലായ 'മ്യൂസ് ഇമേജ്' (Muse Image) അവതരിപ്പിച്ചു.

ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം അവ എഡിറ്റ് ചെയ്യാനും മെച്ചപ്പെടുത്താനും ചിത്രങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാനും കഴിയുന്ന ഈ മോഡല്‍ മെറ്റ എഐ ചാറ്റ്ബോട്ടിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ച മ്യൂസ് ഇമേജിന് സങ്കീർണ്ണമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ മനസ്സിലാക്കാനും ചിത്രങ്ങളെ ഇൻപുട്ടായി സ്വീകരിച്ച്‌ അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയും. നിർമിത ചിത്രങ്ങള്‍ പിന്നീട് നേരിട്ട് എഡിറ്റ് ചെയ്യാനും ഈ സംവിധാനത്തില്‍ സൗകര്യമുണ്ട്.

ഇമേജ് ജനറേഷനൊപ്പം ഇമേജ് എഡിറ്റിംഗ്, ചിത്രത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയല്‍, പഴയ ചിത്രങ്ങളുടെ വ്യക്തത വർധിപ്പിക്കുന്ന ഇമേജ് എൻഹാൻസ്‌മെന്റ് തുടങ്ങിയ നിരവധി ഫീച്ചറുകളും മ്യൂസ് ഇമേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജെമിനി, ചാറ്റ്‌ജിപിടി, ഗ്രോക്ക് തുടങ്ങിയ എതിരാളി എഐ പ്ലാറ്റ്ഫോമുകളോട് മത്സരിക്കാൻ ശേഷിയുള്ള മോഡലാണിതെന്നാണ് മെറ്റയുടെ അവകാശവാദം.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളിലാണ് സേവനം ലഭ്യമാകുക. ഇൻസ്റ്റാഗ്രാം സ്റ്റോറികള്‍ക്കായി 30-ലധികം പുതിയ എഐ ഇഫക്ടുകളും വാട്സ്‌ആപ്പിലെ മെറ്റ എഐ ചാറ്റിലൂടെ നേരിട്ട് ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. വരും മാസങ്ങളില്‍ ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും കൂടുതല്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

മ്യൂസ് ഇമേജിന്റെ അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. എന്നാല്‍ കൂടുതല്‍ നൂതന ഫീച്ചറുകള്‍ മെറ്റയുടെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിലൂടെയാകും ലഭിക്കുക. ഇതോടൊപ്പം എഐ ഉപയോഗിച്ച്‌ വീഡിയോകള്‍ സൃഷ്ടിക്കുന്ന പുതിയ മോഡലായ 'മ്യൂസ് വീഡിയോ' യുടെ ആദ്യ പ്രിവ്യൂവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നിർമിത ബുദ്ധി രംഗത്ത് മുൻതൂക്കം നേടുന്നതിനായി കഴിഞ്ഞ വർഷമാണ് മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ഈ വർഷം ഏപ്രിലില്‍ ടെക്സ്റ്റ്-ആൻഡ്-റീസണിംഗ് മോഡലായ 'മ്യൂസ് സ്പാർക്ക്' അവതരിപ്പിച്ചിരുന്നു. ടെക്സ്റ്റ്, ചിത്രം, വീഡിയോ എന്നിവയെ ഒരേ എഐ ആവാസവ്യവസ്ഥയില്‍ സംയോജിപ്പിക്കാനുള്ള മെറ്റയുടെ നീക്കത്തിലെ ഏറ്റവും പുതിയ ചുവടുവയ്പാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam