വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ആ രാജ്യത്തെ പ്രധാന സ്ഥലനങ്ങളും, കാഴ്ചകളും, ഭക്ഷണവും അറിയാൻ എല്ലാവർക്കും താല്‍പര്യമുണ്ടാകും.
എന്നാല്‍ അത് മാത്രമല്ല, അവിടുത്തെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. 'ഇത് കഴിക്കാം… പക്ഷേ ഇങ്ങനെ കഴിക്കാൻ പാടില്ല', 'ഇത് വില്‍ക്കാം… പക്ഷേ ഇവിടെ വില്‍ക്കാൻ പാടില്ല'… ലോകത്തിന്റെ പല രാജ്യങ്ങളിലെയും ഭക്ഷണനിയമങ്ങള്‍ വ്യത്യസ്തമാണ്. ഓരോ നിയമത്തിനും പിന്നില്‍ ആരോഗ്യസംരക്ഷണം മാത്രമല്ല, കൗതുകകരമായ ചരിത്രവും സംസ്കാരവും സാമൂഹിക ചിന്തകളും ഒളിഞ്ഞിരിക്കുന്നു.
ലോകത്തെ ശ്രദ്ധേയമായ ചില ഭക്ഷ്യനിയമങ്ങള്‍ പരിചയപ്പെടാം.
വിശപ്പടക്കാൻ മോഷ്ടിച്ചാല്‍ കുറ്റമല്ല; ഇറ്റലിയുടെ സുപ്രധാന വിധി
2016-ല്‍ ഇറ്റാലിയൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി ലോകശ്രദ്ധ നേടിയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം വിശപ്പടക്കാൻ വളരെ ചെറിയ അളവില്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അതിനെ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മനുഷ്യന്റെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിനാണ് ഈ വിധി മുൻഗണന നല്‍കിയത്.
സ്കൂള്‍ ഭക്ഷണത്തില്‍ കെച്ചപ്പിന് നിയന്ത്രണം; ഫ്രാൻസിന്റെ രുചിരക്ഷ
ഫ്രാൻസിലെ പല സ്കൂള്‍ കഫറ്റീരിയകളിലും കെച്ചപ്പിന്റെ ഉപയോഗം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. കുട്ടികള്‍ പ്രാദേശിക വിഭവങ്ങളുടെ യഥാർഥ രുചി തിരിച്ചറിയുകയും കൃത്രിമ രുചികളോട് അമിത ആശ്രയം വളർത്താതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
നിയമപ്രകാരം സബ്‌വേയുടെ ബ്രെഡ് 'ബ്രെഡ്' അല്ല; അയർലൻഡിലെ വിധി
2020-ല്‍ അയർലൻഡിലെ സുപ്രീം കോടതി, സബ്‌വേയുടെ സാൻഡ്‌വിച്ച് ബ്രെഡില്‍ അനുവദനീയതയെക്കാള്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ അതിനെ നിയമപരമായി 'ബ്രെഡ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് വിധിച്ചു. ഇതോടെ ബ്രെഡിന് ലഭിച്ചിരുന്ന ചില നികുതി ആനുകൂല്യങ്ങളും കമ്പനിക്ക് നഷ്ടമായി.
ച്യൂയിങ് ഗം വില്‍ക്കാൻ വിലക്ക്; സിംഗപ്പൂരിന്റെ ശുചിത്വ നയം
പൊതുസ്ഥലങ്ങളിലെ ശുചിത്വം സംരക്ഷിക്കാനാണ് 1992 മുതല്‍ സിംഗപ്പൂർ ച്യൂയിങ് ഗത്തിന്റെ വില്‍പനയും ഇറക്കുമതിയും നിരോധിച്ചത്. ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ചില മെഡിക്കല്‍ ഗം മാത്രമാണ് നിയന്ത്രണങ്ങളോടെ അനുമതിയുള്ളത്.
പഫർഫിഷ് പാകം ചെയ്യാൻ സർക്കാർ ലൈസൻസ്; ജപ്പാനിലെ കർശന നിയമം
മാരകവിഷം അടങ്ങിയ 'ഫുഗു' അഥവാ പഫർഫിഷ് സുരക്ഷിതമായി പാകം ചെയ്യാൻ ജപ്പാനില്‍ പ്രത്യേക പരിശീലനവും സർക്കാർ ലൈസൻസും നിർബന്ധമാണ്. ചെറിയ പിഴവ് പോലും ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതിനാലാണ് ഈ കർശന നിയന്ത്രണം.
ചില മത്സ്യങ്ങളുടെ ഉടമ രാജാവ്; ബ്രിട്ടന്റെ പഴയ നിയമം
ബ്രിട്ടനില്‍ തിമിംഗലങ്ങളും സ്റ്റർജൻ പോലുള്ള ചില വലിയ സമുദ്രജീവികളും നിയമപരമായി രാജാവിന്റെ സ്വത്തായാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടീഷ് തീരത്ത് നിന്ന് ഇവ പിടികൂടിയാല്‍ നിയമനടപടികള്‍ പാലിക്കേണ്ടതുണ്ട്.
പൊതുഗതാഗതത്തില്‍ ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തും; ജപ്പാന്റെ സാമൂഹിക സംസ്കാരം
ജപ്പാനില്‍ ട്രെയിനിലോ ബസിലോ ഭക്ഷണം കഴിക്കുന്നത് പൊതുവെ നിയമവിരുദ്ധമല്ല. എന്നാല്‍ സഹയാത്രികരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള സാമൂഹിക മര്യാദയുടെ ഭാഗമായി ആളുകള്‍ അത് പരമാവധി ഒഴിവാക്കാറുണ്ട്.
അതുകൊണ്ടുതന്നെ വിദേശയാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സന്ദർശിക്കുന്ന രാജ്യത്തിന്റെ ഭക്ഷണരീതികളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും മുൻകൂട്ടി അറിഞ്ഞിരിക്കുക, കൗതുകത്തിനൊപ്പം പ്രായോഗികമായും ഉപകാരപ്പെടും.

