ടോക്കിയോ: അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ തന്റെ അമ്മയായി സ്വീകരിച്ച 'പഞ്ച്' എന്ന കുട്ടി കുരങ്ങന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്.
ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് (Macaque) വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് പഞ്ച്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങള്‍ കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഒരിക്കല്‍ വിഷമിച്ചിരുന്നു.
അമ്മ ഉള്‍പ്പടെയുള്ള മറ്റ് കുരങ്ങന്മാർ അകറ്റിനിർത്തിയപ്പോള്‍ അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തീവ്രത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉള്ളുലച്ചിരുന്നു. പിന്നാലെ വലിയ വലിയ ആരാധകവൃന്ദം തന്നെ പഞ്ചിനുണ്ടായത്. ഇപ്പോഴിതാ പഞ്ചിനെ ചുറ്റിപ്പറ്റി ചില വാർത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. പഞ്ച് ചത്തെന്ന അവകാശവാദവുമായി പലരും രംഗത്തെത്തുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പഞ്ചിനെ മൃഗശാലയില്‍ കാണാത്തതിന് തുടർന്നാണ് ചത്തെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിക്കുന്നത്. മൃഗശാലയില്‍ പഞ്ച് താമസിച്ചിരുന്ന മങ്കി മൗണ്ടൻ വ്യൂയിംഗ് താല്‍ക്കാലികമായി അടച്ചതും ചർച്ചകള്‍ക്ക് വഴിവച്ചു. സെപ്തംബർ ഒന്ന് മുതല്‍ 18 വരെ മങ്കി മൗണ്ടൻ അടച്ചിട്ടിരിക്കുമെന്ന് ഇച്ചിക്കാവ സിറ്റി മൃഗശാല അറിയിച്ചിരുന്നു.
അവിടെ സണ്‍ഷേഡുകള്‍ സ്ഥാപിക്കുന്ന പ്രവർത്തനം നടക്കുന്നതിനാലാണ് ഇത്തരത്തില്‍ അടച്ചതെന്നാണ് അധികൃതർ അറിയിച്ചത്. എന്നാല്‍ പഞ്ചിന്റെ ആരോഗ്യനില മോശമായതിനാലാണ് അവിടെ അടച്ചതെന്നാണ് ചിലർ അവകാശപ്പെടുന്നത്.മങ്കി മൗണ്ടൻ അടയ്ക്കുന്നതിന് മുൻപ് പകർത്തിയ ദൃശ്യത്തില്‍ പഞ്ച് സാധാരണഗതിയില്‍ നടക്കുന്നതും വെള്ളത്തില്‍ കളിക്കുന്നതും കാണാം.
അതിനാല്‍ പഞ്ചിന്റെ ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് ചിലർ വ്യക്തമാക്കുന്നുണ്ട്. പഞ്ചിന്റെ ആരോഗ്യനില സംബന്ധിച്ച് മൃഗശാല അധികൃതർ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

