ബെംഗളൂരു: ചോരക്കുഞ്ഞിനോട് സ്വന്തം പിതാവ് കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് സിലിക്കണ്‍ സിറ്റി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് ഡിവിഷൻ പരിധിയില്‍ 11 മാസം മാത്രം പ്രായമുള്ള രേണുക എന്ന പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ മർദിച്ച് കൊലപ്പെടുത്തി.
കുഞ്ഞിനെ ചവിട്ടി നിലത്തിട്ട പിതാവ് ശേഖപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം 11 മാസം പ്രായമുള്ള രേണുക എന്ന കുഞ്ഞ് കട്ടിലില്‍ നിന്ന് താഴേക്ക് വീണെന്നുമാണ് പിതാവ് ശേഖപ്പ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ഉടനടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് വീണുവെന്ന് പറയപ്പെടുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയില്‍ പൊലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തില്‍ നിന്ന് വീണാല്‍ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലാക്കിയ പൊലീസ് വിശദമായ അന്വേഷണം നടത്തി.
ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകള്‍, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോർട്ടില്‍ വ്യക്തമായി. ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. അമ്മയുടെ പങ്കിനെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
സംഭവ ദിവസവും ദമ്പതികള്‍ തമ്മില്‍ കടുത്ത വാക്കുതർക്കമുണ്ടായി. ഇതിനിടയില്‍ കുഞ്ഞ് ഉച്ചത്തില്‍ കരയാൻ തുടങ്ങിയത് പിതാവ് ശേഖപ്പയെ പ്രകോപിപ്പിച്ചു. ദേഷ്യം സഹിക്കാനാവാതെ ഇയാള്‍ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് അമ്മ വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികള്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് നിലവില്‍ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

