പാരിസ്: ഇറാനില്‍ തടവില്‍ കഴിഞ്ഞിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിച്ചു. മൂന്നര വർഷത്തിലേറെയായി തടവില്‍ കഴിയുകയായിരുന്ന സെസില്‍ കോഹ്‌ലർ, ജാക്വസ് പാരിസ് എന്നിവരാണ് മോചിതരായത്.
ഇവർ ഇറാനില്‍ നിന്ന് ഫ്രാൻസിലേക്ക് തിരിച്ചതായും ഉടൻ തന്നെ നാട്ടിലെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ഇവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നെങ്കിലും രാജ്യം വിടാൻ ഇറാൻ അധികൃതർ അനുമതി നല്‍കിയിരുന്നില്ല. തുടർന്ന് ഇത്രയും കാലം തെഹ്‌റാനിലെ ഫ്രഞ്ച് എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകള്‍ക്കൊടുവിലാണ് ഇവരെ രാജ്യം വിടാൻ ഇറാൻ അനുവദിച്ചത്. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ സഹായിച്ച ഒമാൻ സർക്കാരിന് മാക്രോണ്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വിനോദസഞ്ചാരത്തിനായി 2022 മെയിലാണ് ഇരവരും ഇറാനിലെത്തിയത്. ചാരവൃത്തി ആരോപിച്ചാണ് ഇറാൻ ഇവരെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസ് തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളില്‍ ഫ്രാൻസ് സ്വീകരിച്ച നിഷ്പക്ഷ നിലപാടാണ് ഇറാന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേല്‍-യുഎസ് ആക്രമണങ്ങളില്‍ ഫ്രാൻസിന് പങ്കില്ലെന്നും യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മാക്രോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ പൗരന്മാരെ തടവിലാക്കി രാഷ്ട്രീയ വിലപേശലിന് ഇറാൻ ശ്രമിക്കുന്നു എന്ന യുഎസിന്റെ ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ മോചനം നടന്നിരിക്കുന്നത്.
"ഇത് എല്ലാവർക്കും, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്"- മക്രോണ്‍ എക്‌സില്‍ കുറിച്ചു.

