കോലഞ്ചേരി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഇരുപതുകാരന്റെ ജീവൻ പൊലിഞ്ഞു. കടമറ്റം പെരുവംമൂഴിയില്‍ ആയിരുന്നു സംഭവം.
കോളേജ് വിദ്യാർഥിയായ തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസില്‍ എസ് രാഹുല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു രാഹുലിന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്.
കോളേജിലേക്കുള്ള യാത്രയിലായിരുന്നു രാഹുലും സുഹൃത്തും, ഇതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ അതെ കാറില്‍ തന്നെ ഇടിക്കുകയായിരുന്നു. പിന്നാലെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയും ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഈ സമയം എതിർദിശയില്‍ വന്ന ലോറി രാഹുലിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാഹുലിനൊപ്പമുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വാഴക്കുളം കുതനപ്പിള്ളി വീട്ടില്‍ ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ജൂലിയൻ ജോസഫ് ചികിത്സയിലാണ്. രാഹുലിന്റെ സംസ്കാരം നടത്തി. പിതാവ് സുനീപ് (കെഎസ്‌ആർടിസി ജീവനക്കാരൻ), മാതാവ് സിനി, സഹോദരി ക്ഷേത്ര (പ്ലസ് വണ്‍ വിദ്യാർഥിനി).

