ബെഗുസാരായ്: ബീഹാറില്‍ മദ്യനിരോധന നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗുരുതരമായ ആശങ്കകള്‍ ഉയർത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബെഗുസാരായ് ജില്ലയിലെ സിസ്വയില്‍ നാലാം ക്ലാസ് വിദ്യാർഥി സ്കൂളില്‍ നിന്നും മദ്യപിച്ച് ലഹരിയില്‍ വീട്ടിലെത്തി. സംഭവത്തെ തുടർന്ന് സ്‌കൂളില്‍ നടന്ന പരിശോധനയില്‍ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ലിറ്റർ കണക്കിന് മദ്യം പിടികൂടി.
ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്കൂള്‍ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പ്രധാനധ്യാപകൻ നടത്തിയ പരിശോധനയില്‍ 23 കാർട്ടണുകളിലായി സൂക്ഷിച്ച 204 ലിറ്റർ വിദേശമദ്യം കണ്ടെത്തുകയുമായിരുന്നു. ബച്ച്‌വാര പൊലീസ് സ്ഥലത്തെത്തി മദ്യശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍ അജ്ഞാതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കൻ ചമ്പാരനില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നും അതിർത്തി കടന്ന് ഇപ്പോഴും വൻതോതില്‍ മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. 'ബിഹാറില്‍ മദ്യനിരോധനം ഒരു പരിഹാസമായി മാറിയിരിക്കുന്നു.
പ്രതിദിനം ശരാശരി 11,000 ലിറ്റർ വ്യാജമദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുക്കുന്നത്. മദ്യമാഫിയയും ഗവണ്‍മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം 40,000 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്'- തേജസ്വി യാദവ് പറഞ്ഞു. 2016 ഏപ്രില്‍ 5നാണ് ബിഹാർ സമ്പൂർണ്ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെ 11 ലക്ഷം കേസുകളാണ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്. 16 ലക്ഷമാണ് അറസ്റ്റിലായവരുടെ എണ്ണം. 5 കോടി ലിറ്ററാണ് കഴിഞ്ഞ വർഷങ്ങളില്‍ പിടിച്ചെടുത്ത ആകെ മദ്യത്തിന്റെ അളവ്. വ്യാജമദ്യ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 350 കടന്നിട്ടുണ്ട്. അതിനൂതനമായ രീതിയിലാണ് മദ്യമാഫിയ സംസ്ഥാനത്തേക്ക് മദ്യം കടത്തുന്നത്. തണ്ണിമത്തന് ഉള്ളിലാക്കിയും, ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചും, ആംബുലൻസുകളിലും വരെ മദ്യക്കടത്ത് സജീവമാണ്. സ്കൂള്‍ പരിസരത്തുപോലും മദ്യം സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു എന്നത് ഭരണകൂടത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ഥലമായി കണക്കാക്കപ്പെടുന്ന ഒരു സ്കൂള്‍ എങ്ങനെയാണ് അനധികൃത മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ചതെന്ന് ചോദ്യം ചെയ്തുകൊണ്ട് ഈ സംഭവം രക്ഷിതാക്കളിലും താമസക്കാരിലും രോഷം ജനിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 2016 മുതല്‍ ബീഹാറില്‍ കർശനമായ മദ്യനിരോധനം നിലവിലുണ്ട്.

