Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാളെ ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

നാളെ ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

Media Mangalam 1 day ago

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കില്‍ മാറ്റമില്ല. ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്കുമായി മുന്നോട്ടുപോകുന്നത്.

ഇതോടെ വരും ദിവസങ്ങളില്‍ ബാങ്കിങ് സേവനങ്ങളെ അവധി തുടർച്ചയായി ബാധിച്ചേക്കും.

പണിമുടക്കിന് പിന്നാലെ ശനിയും ഞായറും അവധിയായതിനാല്‍ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന കാലയളവ് നാല് ദിവസമായി നീളാനും സാധ്യതയുണ്ട്. അതിനാല്‍ ചെക്ക് നിക്ഷേപം, പണം പിൻവലിക്കല്‍ ഉള്‍പ്പെടെയുള്ള ശാഖാ സേവനങ്ങള്‍ ആവശ്യമായവർ പ്രധാന ഇടപാടുകള്‍ ഇന്ന് തന്നെ പൂർത്തിയാക്കുന്നതാണ് ഉചിതം.

അതേസമയം എടിഎം സേവനങ്ങള്‍ക്കും യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ക്കും സാധാരണ നിലയില്‍ തുടരാനാണ് സാധ്യത.

പണിമുടക്ക് പല ഘട്ടങ്ങളിലായി

ബാങ്ക് ജീവനക്കാരുടെ രണ്ടാംഘട്ട പണിമുടക്ക് 28, 29, 30 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി 26ന് നാലാം ശനി അവധിയും 27ന് ഞായറാഴ്ച അവധിയും വരുന്നതിനാല്‍ ബാങ്കിങ് മേഖലയിലെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസത്തോളം ബാധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇതിന് പിന്നാലെ ഒക്ടോബർ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യുഎഫ്ബിയു പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന ആവശ്യം അഞ്ച് ദിവസത്തെ പ്രവൃത്തിദിനം

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

വിഷയത്തില്‍ വിവിധ കക്ഷികളുമായി കൂടുതല്‍ വിശദമായ ചർച്ചകള്‍ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎല്‍ഐ) പദ്ധതി മരവിപ്പിച്ചിരുന്നുവെങ്കിലും പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകള്‍ തയ്യാറായിട്ടില്ല.

2024 മാർച്ചില്‍ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്നതിന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ തുടർനടപടികള്‍ ഉണ്ടായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ എന്നിവയുള്‍പ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുഎഫ്ബിയുവാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

തൊഴില്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ യൂണിയനുകളുമായി അടുത്ത ചർച്ച ഒക്ടോബർ 15ന് നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam