മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തന്റേതായ ഇടം നേടിയ നടിയാണ് സ്വാസിക. അഭിനയമികവിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ സ്വന്തമാക്കിയ താരം, വ്യക്തിജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളിലൂടെയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ജീവിതപങ്കാളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അവസാനിച്ച ഒരു പ്രണയബന്ധത്തിന്റെ പിന്നാമ്പുറവും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വാസിക. ജെഎഫ്ഡബ്ല്യു (JFW) യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
സ്വാസികയുടെ വാക്കുകള്‍:
"ഞാനെപ്പോഴും ലുക്കിന് വാല്യു കൊടുക്കുന്നയാളാണ്. അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷൻ വരണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ലുക്കില്‍ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. അത് സത്യമാണ്. അതില്‍ കാര്യമില്ലെന്ന് ഞാൻ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്. അത് ഞാൻ സത്യസന്ധമായി തന്നെ പറയുകയാണ്. അത് കുറേ പേർക്ക് തെറ്റായി തോന്നാം. പക്ഷേ എനിക്ക് അത് പ്രധാനമാണ്. എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതെന്റെ ആഗ്രഹമാണ്. സ്വപ്നം കാണുന്നതിന് ആർക്കും ഒരു നിയന്ത്രണവുമില്ലല്ലോ.
ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നു. ഭർത്താവിന് വേണ്ട ഗുണം എന്താണ് ചോദിച്ചാല്‍ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. സ്ത്രീ, പുരുഷൻ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷൻസിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭർത്താവാകുന്ന ആള്‍ എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം. അവർക്ക് സമയം കൊടുക്കണം. എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിലുള്ള ഒരു മനുഷ്യനായാല്‍ നന്നായിരിക്കും എന്നുണ്ടായിരുന്നു. ബഹുമാനം എല്ലാത്തിനേക്കാളും പ്രധാനമാണ്. അങ്ങനെയൊരാള്‍ വേണമെന്ന് ഞാൻ പ്രാർഥിക്കുമായിരുന്നു.
എനിക്ക് ഇതിന് മുൻപ് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും. അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാൻഡില്‍ ചെയ്യാൻ പറ്റാതായി. കുടുംബ പ്രശ്നങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്. ആ റിലേഷൻ അവസാനിക്കുന്നത് അങ്ങനെയാണ്. പക്ഷേ എന്റെ തെറ്റായ തീരുമാനം ആയിരുന്നില്ല അത്."

