Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിന് നേരെ പാഞ്ഞടുത്ത് നാട്ടുകാര്‍, തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കയ്യേറ്റം, 'ആ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്ക് കൊടുത്തുകൂടായിരുന്നോ'? പൊട്ടിത്തെറിച്ച്‌ നാട്ടുകാര്‍

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിന് നേരെ പാഞ്ഞടുത്ത് നാട്ടുകാര്‍, തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കയ്യേറ്റം, 'ആ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്ക് കൊടുത്തുകൂടായിരുന്നോ'? പൊട്ടിത്തെറിച്ച്‌ നാട്ടുകാര്‍

Media Mangalam 2 weeks ago

തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തില്‍ പ്രധാനപ്രതി അഷ്കറിന് നേരെ പൊട്ടിത്തെറിച്ച്‌ നാട്ടുകാർ.

തെളിവെടുപ്പിനായി പ്രതിയെ ഇവരുടെ വാടക വീട്ടില്‍ എത്തിച്ച സമയം ശക്തമായ രോഷവുമായി നാട്ടുകാർ ഇരച്ചെത്തി. പ്രതിക്ക് നേരെ അസഭ്യ വർഷം നടത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമം നടത്തുകയും ചെയ്തു. ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാർക്കിടയില്‍ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങിയത്. പോലീസ് വാഹനത്തില്‍ പ്രതിയെ കയറ്റിയ ശേഷവും അയാളെ കയ്യേറ്റം ചെയ്യാൻ നാട്ടുകാർ ശ്രമിച്ചു.

രാവിലെ 11:15 ഓടെ ആണ് പോലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടില്‍ എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ തോതില്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. വീടിനകത്തും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രകോപിതരായ നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.

തങ്ങളുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതെന്ന് രോഷാകുലരായ നാട്ടുകാർ പറഞ്ഞു. തങ്ങള്‍ നിയമത്തെയോ പോലീസിനെയോ ചോദ്യംചെയ്തതല്ല, പ്രതിഷേധമാണ് അറിയിച്ചത് എന്നാണ് നാട്ടുകാർ പറഞ്ഞത്. ഒന്നര വയസ്സുകാരനായ കുഞ്ഞിനെതിരെ കാട്ടിയ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്കെതിരായ സ്വാഭാവിക പ്രതിഷേധമാണ് തങ്ങളുടേതെന്നും നാട്ടുകാർ പറഞ്ഞു. "ആ കുഞ്ഞിനെ കുട്ടികളില്ലാത്തവർക്ക് കൊടുത്തുകൂടായിരുന്നോ? 90 ദിവസം കഴിയുമ്പോള്‍ അവൻ ജാമ്യമെടുത്ത് പുറത്തിറങ്ങും. ഞങ്ങള്‍ക്കും ഉണ്ട് മക്കള്‍"- എന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന ചിലർ പ്രതികരിച്ചത്.

വെള്ളിയാഴ്ചയാണ് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് അഷ്കർ കുട്ടിയെ എസ്‌എടി ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിക്കെ കുട്ടി മരണപ്പെട്ടതിനെ തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടി അതിക്രൂരമായ മർദനമേറ്റുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തല്‍. 51 മുറിവുകളും പരുക്കുകളുമാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഈ ശാരീരിക മർദനങ്ങള്‍ മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇവയ്ക്കു പുറമേ പരുക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവും കണ്ടെത്തി. ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ആന്തികാവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ അഖില, അമ്മയുടെ പങ്കാളി അഷ്കർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കുട്ടിയുടെ കൊലപാതകം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിയമനടപടികള്‍ നടക്കുകയാണ്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം. പഴുതുകള്‍ ഇല്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കും. ആരുടെ കയ്യിലാണോ കുഞ്ഞുങ്ങള്‍ സുരക്ഷിതർ എന്ന് കരുതുന്നത് അവിടെയാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam